യോഗി സർക്കാരിന്റെ കാലത്തെ 183 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; സത്യവാങ്മൂലം നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി

കുറ്റപത്രം സമർപ്പിച്ച കേസുകളും ഇവയിലെ വിചാരണയുടെ ഘട്ടവും വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു

dot image

ന്യൂഡൽഹി: യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഉത്തർപ്രദേശിൽ നടന്നിട്ടുളള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണങ്ങളുടെ നിലവിലെ സ്ഥിതിയന്വേഷിച്ച് സുപ്രീംകോടതി. സംസ്ഥാനത്ത് ആറ് വർഷത്തിനിടെ നടന്നിട്ടുളള എല്ലാ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടേയും അന്വേഷണത്തിന്റെ സ്ഥിതി വിവരിച്ച് സംസ്ഥാന സർക്കാർ ആറാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഉത്തർപ്രദേശിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ അജയ് കുമാർ മിശ്രയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കുറ്റപത്രം സമർപ്പിച്ച കേസുകളും ഇവയിലെ വിചാരണയുടെ ഘട്ടവും വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കാൻ എൻഎച്ച്ആർസി മാർഗ്ഗനിർദ്ദേശങ്ങളുമായി സമന്വയിപ്പിച്ച് ഒരു പാൻ-ഇന്ത്യ സംവിധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് എസ് ആർ ഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ പൊലീസിന്റെ പങ്ക് അന്വേഷിക്കാൻ പ്രത്യേക ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മനേഷ് തിവാരി നൽകിയ പൊതുതാത്പര്യ ഹർജി ബെഞ്ച് തളളി. സംസ്ഥാന സർക്കാർ ഇതിനകം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് കോടതി ഇടപെടുമെന്നും ബെഞ്ച് വ്യക്തമാക്കി. ഗുണ്ടാ നേതാവ് അതിഖ് അഹമ്മദ് ഉൾപ്പെടെ നിരവധി പേരാണ് ഏറ്റുമുട്ടൽ കൊലപാതകത്തിലൂടെ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത്.

dot image
To advertise here,contact us
dot image