
/topnews/national/2023/08/09/manipurs-itlf-delegation-meets-amit-shah
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മണിപ്പൂരിലെ കുക്കി സംഘടന നേതാക്കള്. ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ (ഐടിഎൽഎഫ്) പ്രതിനിധി സംഘമാണ് അമിത് ഷായെ കണ്ടത്. ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയതായി ഐടിഎൽഎഫ് സെക്രട്ടറി മുവാൻ ടോംബിംഗ് പിടിഐയോട് പറഞ്ഞു.
കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, കുക്കി-സോ സമുദായാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കുക, ഇംഫാലിലെ കുക്കി ജയില് തടവുകാരെ സുരക്ഷ മുന്നിര്ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, മണിപ്പൂരില് പ്രത്യേക ഭരണകൂടം തുടങ്ങിയ അഞ്ച് പ്രധാന ആവശ്യങ്ങൾ സംഘടന കൂടിക്കാഴ്ചയിൽ ഉയർത്തി. മൃതദേഹങ്ങൾ ഇംഫാലിൽ നിന്ന് ചുരാചന്ദ്പൂരിലേക്ക് കൊണ്ടുവരണമെന്നും സംഘം ആവശ്യപ്പെട്ടു. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ വഴിയാണ് ഐടിഎൽഎഫ് നേതാക്കൾ ഡൽഹിയിലെത്തിയത്.
പുതിയ സംഘര്ഷങ്ങളുടെ സാഹചര്യത്തിലാണ് കേന്ദ്ര സര്ക്കാര് തുടര് ചര്ച്ചകളുമായി രംഗത്തെത്തിയത്. അമിത് ഷാ മുന്കൈയെടുത്ത് നടത്തുന്ന ചര്ച്ചകള്ക്ക് സൗകര്യം ഒരുക്കിയത് മിസോറാം മുഖ്യമന്ത്രി സോറംതംഗയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഡല്ഹിയില് തുടരുന്ന കുക്കി സംഘടനാ നേതാക്കള് കേന്ദ്ര സര്ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തിയിരുന്നു.
അതിനിടെ സംഘര്ഷം തുടരുന്ന മണിപ്പൂരില് അസം റൈഫിള്സിനെതിരെ പൊലീസ് കേസെടുത്തു. കൃത്യ നിര്വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. ഓഗസ്റ്റ് അഞ്ചിന് ബിഷ്ണുപൂരിലെ ക്വാക്തയില് മൂന്ന് പേരെ കൊലപ്പെടുത്തിയ അക്രമികളെ പിന്തുടരുന്നത് അസം റൈഫിള്സ് തടസ്സപ്പെടുത്തിയെന്നാണ് പൊലീസിന്റെ ആരോപണം.