
ന്യൂഡൽഹി: ഗ്യാന്വാപി മസ്ജിദിലെ ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ(എഎസ്ഐ) യുടെ സര്വേ അലഹബാദ് ഹൈക്കോടതി തടഞ്ഞു. നാളെ വരെ സര്വേ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നിര്ദേശം നല്കി. ഗ്യാന്വാപി മസ്ജിദ് ഭരണസമിതി നല്കിയ അപ്പീലിലാണ് അലഹാബാദ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മസ്ജിദ് ഭരണസമിതിയുടെ അപ്പീലില് നാളെ വൈകിട്ട് 3.30ന് ഹൈക്കോടതി കൂടുതല് വാദം കേള്ക്കും.
മസ്ജിദിലെ സര്വേ തടഞ്ഞുകൊണ്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. ഇത് തുടരാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്ദേശം. നാളെയും എഎസ്ഐ ഉദ്യോഗസ്ഥന് ഹൈക്കോടതിയില് ഹാജരാകും. അപ്പീലില് നാളെയും കോടതി വാദം കേള്ക്കും.
കാണ്പൂര് ഐഐടിയുടെ നേതൃത്വത്തിലാണ് റഡാര് ഇമേജിംഗ് സര്വ്വേയും ഭൂമി പര്യവേക്ഷണവും നടത്തുന്നതെന്നായിരുന്നു എഎസ്ഐയുടെ വിശദീകരണം. പത്ത് മീറ്റര് വരെ ആഴത്തിലുള്ളതാണ് ഭൂമി കുഴിച്ചുള്ള പരിശോധന. മണ്ണിനെ അപേക്ഷിച്ച് സര്വേ രീതി വ്യത്യാസപ്പെടാമെന്നും എഎസ്ഐ ഉദ്യോഗസ്ഥന് വിശദീകരിച്ചു.
ഗ്യാന്വാപി മസ്ജിദിലെ എഎസ്ഐ സര്വേയിൽ സംശയമുണ്ടെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വാദം കേള്ക്കുന്നതിനിടെ നിരീക്ഷിച്ചത്. മസ്ജിദിന് കേടുപാടുകള് വരാതെ നടത്തുന്ന ഭൂമി പര്യവേക്ഷണത്തെക്കുറിച്ച് ബോധ്യം വരുന്നില്ല. കെട്ടിടത്തിന് ഭംഗം വരുത്താതെ ആഴത്തിലുള്ള പര്യവേക്ഷണത്തില് എന്താണ് മുന്പരിചയമെന്നും മസ്ജിദില് പര്യവേക്ഷണം അനിവാര്യമാണോ എന്നും കോടതി ചോദിച്ചു.
സര്വ്വേ നടത്താന് ജെറ്റിന്റെ വേഗതയിലാണ് എഎസ്ഐ നടപടികള് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് മസ്ജിദ് ഭരണസമിതി അഭിഭാഷകൻ വിമര്ശിച്ചു. നാളെ വിശദമായ വാദം കേട്ടശേഷം ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയേക്കും.