
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ കുറിച്ച് മുന് മുഖ്യമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന് നടത്തിയ പ്രസ്താവന രാഷ്ട്രീയവൃത്തങ്ങളില് ചര്ച്ചയായി. അമ്മാവനായ ശരദ് പവാര് നേതൃത്വം നല്കുന്ന എന്സിപിയില് നിന്ന് പിളര്ന്ന് ബിജെപി സഖ്യത്തിന് പിന്തുണ നല്കി അജിത് പവാര് ഉപമുഖ്യമന്ത്രിയായതിന് പിന്നാലെയാണ് പൃഥ്വിരാജ് ചവാന്റെ പ്രതികരണം.
ഏക്നാഥ് ഷിന്ഡെയുടെ കാര്യത്തില് ആഗസ്ത് 10ഓടെ തീരുമാനമാവുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അജിത് പവാറിനെ കുറിച്ച് പൃഥ്വിരാജ് ചവാന് പറഞ്ഞത്. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില് കണ്ട് അജിത് പവാറിനെ മുഖ്യമന്ത്രിയാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഏക്നാഥ് ഷിന്ഡെയെ ആഗസ്ത് 10ഓടെ നീക്കും. അന്ന് തന്നെ അജിത് പവാര് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് പൃഥ്വിരാജ് ചവാന് പറഞ്ഞത്. ശിവസേനയില് നിന്ന് പിളര്ന്ന ഷിന്ഡെയെയും 15 എംഎല്എമാരെയെയും അയോഗ്യരാക്കുന്നതില് തീരുമാനവും ആഗസ്ത് 10ഓടെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് തന്റെ വിവര സ്രോതസിനെ വെളിപ്പെടുത്താന് കഴിഞ്ഞില്ല. ഏക്നാഥ് ഷിന്ഡെ ഗ്രൂപ്പിനെതിരെ മഹാരാഷ്ട്ര നിയമസഭ സ്പീക്കര്ക്ക് മുമ്പിലുള്ള പരാതിയില് തീര്പ്പ് 90 ദിവസത്തിനുള്ളില് എടുക്കണം. ആ ദിവസം അവസാനിക്കുന്നത് ആഗസ്ത് 10ഓടെ ആണ്. ഷിന്ഡെ ഗ്രൂപ്പിന് അയോഗ്യതയില് നിന്ന് രക്ഷപ്പെടാന് കഴിയില്ല. കാരണം അവര് പത്താം ഷെഡ്യൂളിന്റെ ലംഘനമാണ് നടത്തിയിട്ടുള്ളത്. അതോടെ മുഖ്യമന്ത്രി സ്ഥാനത്തിന് ഒഴിവ് വരുമെന്നും പൃഥ്വിരാജ് ചവാന് കൂട്ടിച്ചേര്ത്തു.