
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും പ്രളയ മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിൽ 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.
ഉത്തരകാശിയിലുള്ള പുരോല, ബാർകോട്ട്, ദുണ്ട എന്നിവിടങ്ങളിൽ 50 കെട്ടിടങ്ങൾ തകർന്നു. ഗുജറാത്തിലെ ജുനഗഡിലെ വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങളാണ് നശിച്ചത്. ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. നിരവധി റോഡുകൾ മഴക്കെടുതിയെ തുടർന്ന് അടച്ചിട്ടുണ്ട്.
ഹിൻഡൻ നദി കരകവിഞ്ഞതിനെ തുടർന്ന് നോയിഡയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ കഴിഞ്ഞ ദിവസം മാറ്റിപാർപ്പിച്ചിരുന്നു. മധ്യപ്രദേശിൽ ബുർഹാൻപൂർ അടക്കമുള്ള സ്ഥലങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഗുജറാത്തിലെ വിവിധ ജില്ലകളിൽ ജൂലൈ 24 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.