
ബെംഗളൂരു: രണ്ടാം ഭാര്യക്ക് ഭർത്താവിനെതിരെ ക്രൂരതയ്ക്ക് കേസ് കൊടുക്കാനാവില്ലെന്ന വിധിയുമായി കർണാടക ഹൈക്കോടതി. തുമകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജു സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കണ്ഠരാജുവിനെതിരെ സ്ത്രീ പീഡനത്തിന് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ നൽകിയ പരാതി നിലനിൽക്കില്ല. ഇയാളുടെ ശിക്ഷ റദ്ദാക്കുന്നതായും കോടതി പറഞ്ഞു. സിംഗിൾ ബെഞ്ച് ജഡ്ജ് എസ് രാചയ്യയാണ് വിധി പുറപ്പെടുവിച്ചത്.
ഐപിസി സെക്ഷൻ 498 എ (വിവാഹിതയായ സ്ത്രീകൾക്കെതിരായ ക്രൂരത) പ്രകാരമാണ് കണ്ഠരാജുവിനെതിരെ ഭാര്യ പരാതി നൽകിയത്. അഞ്ച് വർഷം തങ്ങൾ ഒരുമിച്ചു ജീവിച്ചു. ഇതിൽ ഒരു മകനുണ്ട്. തളർവാതം വന്ന് കിടപ്പിലായപ്പോൾ ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും കണ്ഠരാജുവിന്റെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതിയിൽ വിചാരണ കോടതി കണ്ഠരാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2019 ഒക്ടോബറിൽ സെഷൻസ് കോടതി ശിക്ഷ സ്ഥിരീകരിക്കുകയും ചെയ്തു. അതേവർഷം തന്നെ പരാതിയിൽ കണ്ഠരാജു ഹൈക്കോടതിയിൽ റിവിഷൻ ഹർജി സമർപ്പിക്കുകയായിരുന്നു.
പരാതിക്കാരിയായ സ്ത്രീ ഹർജിക്കാരന്റെ രണ്ടാം ഭാര്യയാണ്. അതിനാൽ ഐപിസി 498-എ വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് ഹർജിക്കാരനെതിരെ നൽകിയ പരാതി പരിഗണിക്കേണ്ടതില്ല, എന്നായിരുന്നു ജസ്റ്റിസ് എസ് രാച്ചയ്യ വിധിന്യായത്തിൽ പറഞ്ഞത്. രണ്ടാം ഭാര്യ നൽകിയ പരാതി നിലനിൽക്കില്ല. ഈ വിഷയത്തിൽ തത്വങ്ങളും നിയമവും പ്രയോഗിക്കുന്നതിൽ താഴെയുള്ള കോടതികൾക്ക് പിഴവ് സംഭവിച്ചെന്നും കോടതി നിരീക്ഷിച്ചു. കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിവാഹം അസാധുവായാൽ ഐപിസി 498 എ വകുപ്പ് പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ശിവചരൺ ലാൽ വർമ കേസിലും പി ശിവകുമാർ കേസിലുമുളള സുപ്രീം കോടതിയുടെ വിധികളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.