മണിപ്പൂർ യുവതികൾ ബലാത്സംഗത്തിനിരയായത് രാജ്യത്തെ 'ഏറ്റവും മികച്ച' പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് !

2020ൽ ആണ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുളള റാങ്ക് ഈ പൊലീസ് സ്റ്റേഷന് ലഭിച്ചത്

dot image

ഇംഫാൽ: മണിപ്പൂരിൽ യുവതികൾ കൂട്ടബലാത്സംഗത്തിനിരയായത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയെന്ന് റിപ്പോർട്ട്. ഓപ്പൺ സോഴ്സ് സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ച് വിശകലനം ചെയ്ത ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത നോങ്പോക്ക് സെക്മായി എന്ന പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ അകലെയാണ് രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. 2020ൽ ആണ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുളള റാങ്ക് ഈ പൊലീസ് സ്റ്റേഷന് ലഭിച്ചത്.

നോങ്പോക്ക് സെക്മായി സ്റ്റേഷന് സമീപമുള്ള ബി ഫൈനോം ഗ്രാമത്തിലെ പർവതങ്ങളുടെ ചിത്രം ഇന്ത്യാ ടുഡേക്ക് ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങളിൽ കാണിക്കുന്നുണ്ട്. ഇതിന് അടുത്തായാണ് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഏകദേശം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്ന് എഫ്ഐആറിൽ പറയുന്നു. ഇത് ശരിവെക്കുന്ന ദൃശ്യങ്ങളും വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓരോ വർഷവും നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി മികച്ച പൊലീസ് സ്റ്റേഷനുകളെ കേന്ദ്ര സർക്കാർ തിരഞ്ഞെടുക്കാറുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ദുർബല വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ പൊലീസിന്റെ പ്രകടനമാണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

സംഭവം നടന്നത് മെയ് നാലിനാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ജൂലൈ 19നാണ് ദേശീയ മാധ്യമങ്ങളടക്കം ഇത് വാർത്തയാക്കിയത്. അതേസമയം മണിപ്പൂര് സംഭവത്തിലെ മുഖ്യപ്രതി റോഹിങ്ക്യന് അഭയാര്ത്ഥിയാണെന്ന തരത്തില് നടന്ന പ്രചാരണം വ്യാജമാണെന്നാണ് റിപ്പോർട്ട്. മണിപ്പൂര് സംഭവത്തില് അറസ്റ്റിലായത് ഷെറാബാസ് എന്ന വ്യക്തിയാണെന്നായിരുന്നു പ്രചരണം. എന്നാൽ അറസ്റ്റിലായത് ഹെരാദാസ് മെയ്തിയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതി മെയ്തി സമുദായ അംഗം തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കിയതായും റിപ്പോര്ട്ടുകളുണ്ട്.

dot image
To advertise here,contact us
dot image