
/topnews/national/2023/07/21/crocodile-tears-mehbooba-mufti-slams-bjp-over-manipur-viral-video-incident
ഇംഫാല്: മണിപ്പൂരില് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില് ബിജെപിയെ വിമര്ശിച്ച് പീപ്പിള്സ് ഡെമോക്രാറ്റിക് പാര്ട്ടി അദ്ധ്യക്ഷയും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ലൈംഗികാതിക്രമങ്ങള്ക്കെതിരെ നടപടിയെടുക്കുന്നതില് പരാജയപ്പെടുമ്പോള്, ബിജെപി സ്ത്രീ സുരക്ഷയെ കുറിച്ച് ഓര്ത്ത് മുതലകണ്ണീരൊഴുക്കുകയാണെന്നാണ് മുഫ്തിയുടെ വിമർശനം. കേന്ദ്ര സര്ക്കാരിന്റെ പ്രധാന പദ്ധതിയായ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' വെറും പൊള്ളയാണെന്നും മുഫ്തി ആക്ഷേപിച്ചു. നിരവധി പേരാണ് മണിപ്പൂർ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.
കേസില് ഇതുവരെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പൊലീസ് നടപടിയെടുക്കുന്നതെന്ന വിമര്ശനം ഉയരുന്നുണ്ട്. തെളിവുകളുടെ അഭാവത്തെ തുടര്ന്നാണ് നടപടിയെടുക്കുവാന് വൈകിയതെന്നാണ് തൗബല് എസ്പി സച്ചിദാനന്ദ പറയുന്നത്.
സംഭവ സമയത്ത് ചില പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നുവെന്നും അവർ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാരിൽ ഒരാൾ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ സമയം പൊലീസുകാർ ആരും അവിടെയുണ്ടായിരുന്നില്ല എന്നാണ് സച്ചിദാനന്ദ ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. 'അന്ന് ചിലർ നോങ്പോക്ക് സെക്മായി പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിക്കുകയും ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ കാവൽ നിൽക്കുന്ന തിരക്കിലായിരുന്നു എല്ലാ ഉദ്യോഗസ്ഥരും,' എസ്പി പറഞ്ഞു.
മെയ് മാസം നാലാം തീയതിയാണ് സംഭവം അരങ്ങേറിയത്. ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിൽ നടന്ന സംഭവമാണിതെന്ന് ഐടിഎൽഎഫ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
വിഷയത്തിൽ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇരകളായ സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവുമാണ് പ്രധാനമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബു പറഞ്ഞു. സംഭവം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കുവാന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു.