
May 22, 2025
12:21 PM
പാരിസ്: ഇനിമുതൽ ഇന്ത്യയുടെ യുപിഐ സംവിധാനം ഫ്രാൻസിലും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിഐ ഉപയോഗിക്കുന്നതിന് ഇന്ത്യയും ഫ്രാൻസും സമ്മതിച്ചു. വരും ദിവസങ്ങളിൽ ഈഫൽ ടവറിൽ നിന്ന് ആരംഭിക്കും. അതിനർത്ഥം ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിനിമയത്തിന് രൂപ ഉപയോഗിക്കാം എന്നാണെന്നും നരേന്ദ്ര മോദി പറഞ്ഞു. പാരിസിൽ ഇന്ത്യൻ പൗരന്മാരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഫ്രാൻസിൽ യുപിഐ അനുവദിക്കുന്നത് വലിയ സാധ്യതകൾ തുറക്കും. ബുദ്ധിമുട്ടുള്ള ഫോറെക്സ് കാർഡുകൾ ഒഴിവാക്കാനും ചെലവഴിക്കാൻ പണം കൊണ്ടുപോകേണ്ട ആവശ്യം ഒഴിവാക്കാനും യുപിഐയിലൂടെ സാധിക്കും.
ഫ്രാൻസിലെത്തിയ മോദി സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചറുമായി കൂടിക്കാഴ്ച നടത്തി. ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിൽ എല്ലാ ബാങ്കുകളേയും ബന്ധിപ്പിക്കുന്ന ഒന്നാണ് ഇന്ത്യയുടെ യുപിഐ. ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ബാങ്കിംഗ് ഫീച്ചറുകൾ, തടസ്സങ്ങളില്ലാത്ത ഫണ്ട് റൂട്ടിംഗ്, മർച്ചന്റ് പേയ്മെന്റുകൾ എന്നിവ ലഭിക്കുന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NCPI) 21 അംഗ ബാങ്കുകളുമായി 2016 ഏപ്രിലിൽ പരീക്ഷണാടിസ്ഥാനത്തിലാണ് യുപിഐ സംവിധാനം ഇന്ത്യയിൽ ആരംഭിച്ചത്. അതിനുശേഷം, യുപിഐ ഉപയോഗം വൻ വളർച്ച കൈവരിച്ചിരുന്നു. അഞ്ച് രൂപയും പത്ത് രൂപയും യുപിഐ പെയ്മെന്റിലൂടെ വ്യാപാരികൾ സ്വീകരിക്കുന്നുണ്ട്.
2022-ൽ ആണ് ഫ്രാൻസിന്റെ ഓൺലൈൻ പേയ്മെന്റ് സംവിധാനമായ ലൈറയുമായി എൻപിസിഐ ഒരു ധാരണാപത്രം ഒപ്പുവച്ചത്. ഈ വർഷം യുപിഐയും സിംഗപ്പൂരിന്റെ 'പേ നൗ'വും ഒരു കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ഉപയോക്താക്കളെ അതിർത്തി കടന്നുള്ള ഇടപാടുകൾ നടത്താൻ ഇത് അനുവദിക്കുന്നു. യുഎഇ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും യുപിഐ സംവിധാനം സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപിലും യുപിഐ സംവിധാനം കൊണ്ടുവരുന്നതിനെപ്പറ്റിയുളള ചർച്ചകൾ നടത്തിവരികയാണ്.