വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കും

തിങ്കളാഴ്ച ജയശങ്കർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

dot image

ന്യൂഡൽഹി: ഗുജറാത്തില് നിന്ന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്. തിങ്കളാഴ്ച ഉച്ചയോടെ ജയശങ്കര് നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കുമെന്നാണ് ഗുജറാത്ത് ബിജെപി ജനറല് സെക്രട്ടറി പ്രദീപ്സിംഗ് വഗേല വ്യക്തമാക്കുന്നത്. ജൂലൈ 24ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കാന് ഞായറാഴ്ചയാണ് ജയശങ്കര് ഗുജറാത്തിലെത്തിയത്. ബിജെപി മന്ത്രിമാരും നേതാക്കളും ചേര്ന്നാണ് അഹമ്മദാബാദ് എയര്പോര്ട്ടിലെത്തിയ ജയശങ്കറെ സ്വീകരിച്ചത്.

ഗുജറാത്തില് നിന്ന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജയശങ്കറിൻ്റെ സ്ഥാനാർത്ഥിത്വം ബിജെപി സ്ഥിരീകരിച്ചിരിക്കുന്നത്.

മത്സരിച്ച് ജയിക്കാനുള്ള അംഗസംഖ്യയില്ലാത്തതിനാല് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കുന്നില്ലെന്ന് കോണ്ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതോടെ ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഒഴിവുവന്ന മൂന്ന് സീറ്റും സ്വന്തമാക്കാൻ സാധിക്കുന്നത് ബിജെപിക്ക് നേട്ടമാണ്. ഗുജറാത്തിലെ 182 അംഗ നിയമസഭയില് 17 സീറ്റുകളില് മാത്രം വിജയിക്കാനാണ് കോണ്ഗ്രസിന് സാധിച്ചത്. നിലവില് ഗുജറാത്തിലെ 11 രാജ്യസഭാ എംപിമാരില് എട്ടുപേര് ബിജെപിയുടെയും മൂന്ന് പേര് കോണ്ഗ്രസിന്റെയും പ്രതിനിധികളാണ്.

ബിജെപിയുടെ നിലവിലുള്ള എട്ട് എംപിമാരില് എസ് ജയശങ്കര്, ജുഗല്ജി താക്കൂര്, ദിനേഷ് അനവാഡിയ എന്നിവരുടെ കാലാവധിയാണ് ആഗസ്റ്റ് 18ന് അവസാനിക്കുന്നത്. ഈ ഒഴിവുകളിലേക്കാണ് ജൂലൈ 24ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 13നാണ് തിരഞ്ഞെടുപ്പിന് നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കാനുള്ള അവസാന ദിവസം. നാമനിര്ദ്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തിയതി ജൂലൈ 17നാണ്. മത്സരം ആവശ്യമുണ്ടെങ്കില് ജൂലൈ 24നാണ് തിരഞ്ഞെടുപ്പ്.

dot image
To advertise here,contact us
dot image