
/topnews/national/2023/07/08/the-karnataka-high-court-has-observed-that-using-abusive-words-against-prime-minister-narendra-modi-is-not-sedition
പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് കര്ണാടക ഹൈക്കോടതി. എന്നാല് പ്രധാമന്ത്രിയെ അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകള് അപകീര്ത്തികരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ബീദറിലെ ഷഹീന് സ്കൂള് മാനേജ്മെന്റിനെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് തള്ളണമെന്ന ഹര്ജിയില് വിധിപറയവെയാണ് കര്ണാടക ഹൈക്കോടതി നിര്ണായകമായ നിരീക്ഷണം നടത്തിയത്.
സര്ക്കാരിനെതിരെ ക്രിയാത്മകമായ വിമര്ശനം നടത്തുന്നതില് തെറ്റില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി നയപരമായ തീരുമാനത്തിന്റെ പേരില് ഭരണഘടനാ ചുമതലയുള്ളവരെ അധിക്ഷേപിക്കുന്നത് നല്ല വഴക്കമല്ലെന്നും വിലയിരുത്തിയിട്ടുണ്ട്. അത്തരം സമീപനങ്ങള് ഉണ്ടായാല് ഒരുവിഭാഗം എതിര്ക്കുമെന്നും വിധിപറഞ്ഞ ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡ ഗൗഡര് നിരീക്ഷിച്ചു. പ്രധാമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന വിധത്തിലുള്ള പരാമര്ശം അപകീര്ത്തികരവും നിരുത്തരവാദപരവുമാണെന്നും കോടതി നിരീക്ഷിച്ചു.
പൗരത്വനിയമത്തെ എതിര്ത്തു കൊണ്ട് ബീദറിലെ ഷഹീന് സ്കൂളിലെ വിദ്യാര്ത്ഥികള് അവതരിപ്പിച്ച നാടകമാണ് കേസിന് ആസ്പദമായത്. നാടകവുമായി ബന്ധപ്പെട്ടാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തത്. 2020 ജനുവരിയിലായിരുന്നു ഷഹീന് സ്കൂള് മാനേജ്മെന്റിനെതിരെ കേസ് ചുമത്തിയത്. ഇതിനെതിരെ സ്കൂള് മാനേജ്മെന്റാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂണ് 14ന് രാജ്യദ്രോഹക്കേസ് തള്ളിക്കൊണ്ടുള്ള കോടതിവിധി പുറത്ത് വന്നിരുന്നു. എന്നാല് കഴിഞ്ഞ ദിവസമാണ് വിധിയുടെ വിശദാംശങ്ങള് വെബ്സൈറ്റില് പ്രസ്ദ്ധീകരിച്ചത്.