
മുംബൈ: അജിത് പവാർ എത്തിയതോടെ മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തിൽ ചില അട്ടിമറികളൊക്കെ ഉണ്ടാകും എന്ന സുചനയാണ് പുറത്തേക്ക് വരുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി നല്ല ബന്ധത്തിലല്ലാ സംസ്ഥാന ബിജെപിയും ഉപമുഖ്യമന്ത്രി ഫഡ്നവിസും. മുഖ്യമന്ത്രി സ്ഥാനം കിട്ടിയെങ്കിലും തനിക്കൊപ്പം വന്നവരെ വേണ്ടത്ര പരിഗണിച്ചില്ല എന്ന മുറുമുറുപ്പ് ഷിൻഡേക്കുമുണ്ട്.
ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി പകരം അജിത് പവാറിനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. അണിയറയിൽ ഇങ്ങനെ ചില നീക്കങ്ങൾ നടക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയാണ്. ഷിൻഡെക്കൊപ്പം പോയ എംഎൽമാരിൽ നല്ലൊരു വിഭാഗം തിരച്ചുവരാനുള്ള തായ്യാറെടുപ്പിലാണെന്നും ആദിത്യ താക്കറെ അവകാശപ്പെടുന്നു.
അജിത് പവാറിനെ കൂട്ടത്തിൽ കൂട്ടിയത് തങ്ങളോട് ആലോചിക്കാതെയാണ് എന്ന പരാതി ഷിൻഡെ പക്ഷത്തിനുണ്ട്. ശിവസേന വിട്ടു പോന്ന ഷിൻഡെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻറെ അംഗീകാരം കിട്ടുമോ എന്ന ആശങ്കയും ശക്തമാണ്. ഈ സാഹചര്യത്തിലാണ് അജിത് പവാറിനെ ബിജെപി മറുകണ്ടം ചാടിച്ചത്. ഷിൻഡെ പക്ഷം അയോഗ്യരായാലും സർക്കാരിന് പ്രതിസന്ധിയില്ല എന്നതാണ് നിലവിലെ സ്ഥിതി.
ഇതിനിടെ എൻസിപി ശരദ് പവാർ പക്ഷം ഏറെക്കുറെ ന്യൂനപക്ഷമായി. വിഘടിച്ച് മാറിയ അജിത് പവാർ പക്ഷം ഔദ്യോഗിക പക്ഷമായി. സംഘടനയിലെ ഏറെക്കുറെ എല്ലാ പ്രമുഖരും ജനപ്രതിനിധികളിൽ ഭൂരിപക്ഷവും അജിത്തിനൊപ്പമാണെന്ന് ഏതാണ്ട് ഉറപ്പായി. അജിത് ശക്തി തെളിയിച്ചാൽ മഹാരാഷ്ട്രയിൽ ഇനിയും മാറ്റങ്ങളുണ്ടാകും. ഷിൻഡെ തുടരുമോ തെറിക്കുമോ എന്നതാണ് മഹാനാടകത്തെ ഇപ്പോൾ ഉദ്വേഗഭരിതമാക്കുന്നത്.