
മഹാരാഷ്ട്ര: ശിവസേനയില് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഉദ്ധവ് താക്കറെ പക്ഷത്തെ സ്ത്രീ മുഖമായ നിലം ഗോര്ഹെയെ 'നേതാ' ആയി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെ. പാര്ട്ടി അദ്ധ്യക്ഷന് ശേഷമുള്ള രണ്ടാമത്തെ പ്രധാനപ്പെട്ട ചുമതലയാണ് നേതാ. വെള്ളിയാഴ്ച്ചയാണ് നിലം ഏക്നാഥ് ഷിന്ഡെ പക്ഷത്തെത്തിയത്.
പാര്ട്ടി വിടുന്ന മൂന്നാമത്തെ എംഎല്സിയാണ് നിലം. ഏക്നാഥ് ഷിന്ഡെ പക്ഷത്തെ 18 എംഎല്എമാര് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണെന്ന സജ്ഞയ് റാവത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു താക്കറെ ക്യാമ്പിന് തിരിച്ചടിയായി നിലം പാര്ട്ടി വിട്ടത്. ഷിന്ഡെയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു പാര്ട്ടി പ്രവേശനം.
ഷിന്ഡെ വിഭാഗമാണ് യഥാര്ത്ഥ ശിവസേനയെന്നും അവരുടേത് വികസന അജണ്ടയാണെന്നും നിലം പാര്ട്ടി പ്രവേശനത്തിന് പിന്നാലെ അഭിപ്രായപ്പെട്ടിരുന്നു. 2019 ജൂണില് ലെജിസ്ലേറ്റീവ് കൗണ്സിലിന്റെ ഡെപ്യൂട്ടി ചെയര്പേഴ്സണായി ചുമതലയേറ്റ നിലം 1998 മുതല് ശിവസേനയില് പ്രവര്ത്തിച്ചുവരികയായിരുന്നു. 2022 ല് ചെയര്പേഴ്സണായിരുന്ന എന്സിപിയുടെ രാംരാജേ നിംബാല്ക്കര് ചുമതലയൊഴിഞ്ഞതോടെ ആ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടു.
ശിവസേനയുടെ വിശ്വസ്ത നേതാവായിരുന്ന നിലം 2002 മുതല് എംഎല്സിയായി പ്രവര്ത്തിച്ചുവരികയായിരുന്നു. മൂന്ന് തവണ രാജ്യസഭയിലേക്കും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പാര്ട്ടി വക്താവായും നിലം പ്രവര്ത്തിച്ചു. 1984ല് ഗോര്ഹെ സ്ത്രീ ആധാര് കേന്ദ്രം സ്ഥാപിച്ച നിലം സ്ത്രീകളുടെ തുല്യാവകാശങ്ങള്ക്കായി വാദിക്കുകയും പ്രവര്ത്തിക്കുകയും ചെയ്ത നേതാവാണ്.