
മുംബൈ: മഹാരാഷ്ട്രയില് കലാപക്കൊടി ഉയര്ത്തി ശിവസേന ഷിന്ഡെ പക്ഷം നേതാവ് സജ്ഞയ് ഷിര്സാത്തിന്റെ പ്രതികരണം. ബിജെപി എന്സിപിയുമായി കൈകോര്ത്തതില് ഷിന്ഡെ പക്ഷം അതൃപ്തിയിലാണെന്ന് അദ്ദേഹം സൂചന നൽകി. ചില നേതാക്കള് തങ്ങളുടെ അതൃപ്തി മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. എല്ലാകാലത്തും ശിവസേന ഷിന്ഡെ പക്ഷം എന്സിപിക്കും ശരദ് പവാറിനും എതിരാണെന്ന് ഷിര്സാത്ത് പറഞ്ഞു.
'രാഷ്ട്രീയത്തില് നമ്മുടെ എതിരാളികളായ സംഘം നമ്മോടൊപ്പം ചേരാന് ആഗ്രഹിക്കുമ്പോള് അവരെ സ്വീകരിക്കണം. അതാണ് ബിജെപി ചെയ്തത്. എന്നാല് എന്സിപിയുമായി ബിജെപി യോജിച്ചതില് ഞങ്ങളുടെ ചില നേതാക്കള് നിരാശയിലാണ്. അവര് ആഗ്രഹിച്ച സ്ഥാനം ലഭിച്ചിട്ടില്ല. എന്സിപി ശിവസേന-ബിജെപി ക്യാംപില് ചേര്ന്നതില് ഞങ്ങളുടെ എല്ലാ നേതാക്കളും സന്തുഷ്ടരാണെന്നത് പറയുന്നത് ശരിയല്ല.' എഎന്ഐയോടാണ് ഷിര്സാത്തിന്റെ പ്രതികരണം.
മുന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ശരദ് പവാര് ഉപയോഗിക്കുകയായിരുന്നുവെന്നും ഷിന്ഡെ പക്ഷം നേതാവ് ആരോപിച്ചു. താക്കറെ ഭരിക്കുമ്പോഴും സര്ക്കാരിനെ നിയന്ത്രിച്ചിരുന്നത് ശരദ് പവാറാണ്. ഇക്കാര്യത്തില് ഏക്നാഥ് ഷിന്ഡെ ആവശ്യാനുസരണം തീരുമാനം എടുക്കുമെന്നും ഷിര്സാത്ത് പറഞ്ഞു.
അതേസമയം എന്സിപി പിളര്ത്തിയെത്തിയ അജിത് പവാറിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രതികരണമായിരുന്നു ഷിന്ഡേ ആദ്യം നടത്തിയത്. മഹാരാഷ്ട്രയില് ഡബിള് എഞ്ചിന് സര്ക്കാരിനെ ഇനി ട്രിപ്പിള് എഞ്ചിന് നിയന്ത്രിക്കുമെന്നായിരുന്നു ഷിന്ഡെ സത്യപ്രതിജ്ഞാദിനം പ്രതികരിച്ചത്. എന്നാല് ഇപ്പോള് വിപരീതമായ പ്രതികരണമാണ് ഷിന്ഡെ ക്യാംപില് നിന്നും പുറത്ത് വരുന്നത്.