
മുംബൈ: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയുടെ മുഖ്യമന്ത്രി സ്ഥാനം പോകുമെന്നുള്ള ഊഹാപോഹങ്ങൾ പട്ടം പറത്തൽ മാത്രമെന്ന് ബിജെപി. ഷിൻഡെ അധികകാലം മുഖ്യമന്ത്രിയായിരിക്കില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബിജെപി നേതാവ് മാധവ് ഭണ്ഡാരി രംഗത്തെത്തിയത്. കൂറുമാറിയ അംഗങ്ങളെ അയോഗ്യരാക്കാൻ നൽകിയ ഹർജി ബിജെപിക്ക് എതിരാവില്ലെന്നും മതിയായ അംഗങ്ങളുള്ളതിനാൽ സർക്കാരിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഷിൻഡെ ഉൾപ്പെടെ 16 ശിവസേന എംഎൽഎമാരെ അയോഗ്യരാക്കുന്ന കാര്യത്തിൽ മഹാരാഷ്ട്ര നിയമസഭ സ്പീക്കർ ഉടൻ തീരുമാനമെടുക്കുമെന്ന് കോൺഗ്രസും ശിവസേനയും പറഞ്ഞു. ഷിൻഡെക്ക് അനുകൂലമായി സ്പീക്കർ വിധി പറഞ്ഞാൽ മഹാവികാസ് അഘാഡി സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് പൃഥിരാജ് ചവാൻ പറഞ്ഞു.
ഇന്നലെ എൻസിപി നേതാവ് അജിത് പവാർ കൂറുമാറി ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷിൻഡെ അധികകാലം മുഖ്യമന്ത്രിയായി തുടരില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞത്.
അജിത് പവാറിനൊപ്പം 8 എംഎൽഎമാരും ഇന്നലെ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. സത്യപ്രതിഞ്ജ കഴിഞ്ഞ് 24 മണിക്കൂറിനകം അജിതിനൊപ്പം പോയ എംപി ശരദ് പവാർ ക്യാമ്പിലേക്ക് തിരിച്ചെത്തിയിരുന്നു.