'രണ്ടു കൈയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദം വരൂ'; ഉഭയകക്ഷി പ്രശ്നത്തില് ചൈനയെ കുറ്റപ്പെടുത്തി ജയശങ്കർ

രണ്ടു കൈയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദം കേൾക്കൂ. ഉഭയകക്ഷി ബന്ധം നല്ല രീതിയിൽ പോകാൻ രണ്ട് രാജ്യങ്ങളും ഒരുപോലെ വിചാരിക്കേണ്ടേയെന്നും ജയശങ്കർ

dot image

ദില്ലി: അതിർത്തിയിലെ പ്രശ്നങ്ങളിൽ ചൈനയെ വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങൾക്കുമിടയിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണം ചൈനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടു കൈയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദം കേൾക്കൂ. ഉഭയകക്ഷി ബന്ധം നല്ല രീതിയിൽ പോകാൻ രണ്ട് രാജ്യങ്ങളും ഒരുപോലെ വിചാരിക്കേണ്ടേയെന്നും ജയശങ്കർ ചോദിച്ചു.

കൊൽക്കത്തയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. "രണ്ട് കയ്യും കൂട്ടിയടിക്കാൻ തയ്യാറായിരുന്നു. എന്നാൽ, ഉഭയകക്ഷി ബന്ധം പ്രാവർത്തികമാകുമെന്ന വിശ്വാസം ചൈനയ്ക്ക് കൂടി വേണ്ടേ. ഏതൊരു വലിയ ശക്തി (രാജ്യം) ഉയർന്നുവന്നാലും അതിന് സ്ഥിരത ആവശ്യമാണ്. ചൈന നിലപാട് മാറ്റിയതിനാലാണ് അവരോടുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. പരസ്പരധാരണയിലാണ് ഏതൊരു ബന്ധവും ശക്തമാകാൻ വേണ്ടതെന്ന് ചൈന മനസ്സിലാക്കണം"- ജയശങ്കർ പറഞ്ഞു.

വികസിത രാജ്യങ്ങളെ സംബന്ധിച്ച് പരസ്പരമുള്ള ബന്ധം സുഗമമായി പോകാൻ പരസ്പരധാരണ അത്യാവശ്യമാണ്. പരസ്പര ബഹുമാനവും ഉണ്ടാവണം. ചൈനയെ ഇതു പറഞ്ഞു മനസ്സിലാക്കാൻ താൻ കഠിനമായി പരിശ്രമിക്കുകയാണെന്നും ജയശങ്കർ വ്യക്തമാക്കി. "അതിർത്തി പ്രദേശത്തെ ചില പ്രശ്നങ്ങളൊക്കെ പരിഹരിച്ചിട്ടുണ്ട്. എന്നാലും പ്രശ്നങ്ങൾ അവശേഷിക്കുകയാണ്. പ്രശ്നപരിഹാരത്തിന് ഞാൻ ശ്രമിക്കുകയാണ്. നയതന്ത്രകാര്യങ്ങളിൽ നിങ്ങളൊരിക്കലും ക്ഷീണിതരാകരുത് എന്നാണല്ലോ"- ജയശങ്കർ കൂട്ടിച്ചേർത്തു.

അതിനിടെ, ഭേദഗതിവരുത്തിയ ചാരവൃത്തിവിരുദ്ധനിയമം ചൈനയിൽ ശനിയാഴ്ച പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ചാരപ്രവർത്തനം സംബന്ധിച്ച നിലവിലെ നിർവചനത്തെ അടിമുടി പരിഷ്കരിക്കുന്ന ഭേദഗതിയാണിത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലും ചാരവൃത്തിവിരുദ്ധനിയമത്തിലെ വകുപ്പുകൾപ്രകാരം കുറ്റംചുമത്താൻ അധികാരം നൽകുന്നതാണ് നിയമം. പാശ്ചാത്യരാജ്യങ്ങൾക്കെതിരെയുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ. ചൈനയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഈ നിയമപ്രകാരം അടിച്ചമർത്താനുള്ള നീക്കം ആക്രമണോത്സുക നയതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.

dot image
To advertise here,contact us
dot image