പരാതിക്കാരന്റെ വീടിന്മുന്നിലെ സമരം അവസാനിപ്പിച്ച് പ്രമോദ് കോട്ടുളി

'മുഹമ്മദ് റിയാസ് സഹോദര തുല്യനാണ്. സഹോദരന് മറ്റൊരു സഹോദരനെ ബലിയാടാക്കില്ല'

പരാതിക്കാരന്റെ വീടിന്മുന്നിലെ സമരം അവസാനിപ്പിച്ച് പ്രമോദ് കോട്ടുളി
dot image

കോഴിക്കോട്: പിഎസ്സി നിയമന വിവാദത്തില് പരാതിക്കാരന്റെ വീട്ടിന് മുന്നില് നടത്തിയ സമരം പ്രമോദ് കോട്ടുളി അവസാനിപ്പിച്ചു. സംഭവത്തില് പാര്ട്ടിക്ക് പരാതി നല്കിയ ചേവായൂര് സ്വദേശി ശ്രീജിത്തിന്റെ വീട്ടിന് മുന്നിലാണ് സമരം തുടങ്ങിയത്. അമ്മയും മകനും പ്രമോദിനൊപ്പമുണ്ടായിരുന്നു. അമ്മക്ക് അധിക സമയം ഇരിക്കാന് കഴിയില്ലെന്നും അവരുടെ ശാരീരിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇപ്പോള് താല്കാലികമായി പ്രതിഷേധം അവസാനിപ്പിക്കുന്നതെന്നും പ്രമോദ് പറഞ്ഞു.

ഞാന് നടത്തിയത് സമരമല്ല. പ്രതിഷേധം മാത്രമാണ്. തനിക്കെതിരെയുള്ള ആരോപണത്തില് മറുപടി കിട്ടാനുള്ള പ്രതിഷേധമാണിത്. മരണം വരെ പ്രതിഷേധം തുടരും. എന്തിനാണ് തന്നെ വേട്ടയാടുന്നത്. തന്നെ മാഫിയക്കാരനാക്കരുത്. താന് നടത്തിയ നല്ല പ്രവര്ത്തനങ്ങള്ക്കാണോ താന് അനുഭവിച്ചത്?. മുഹമ്മദ് റിയാസ് സഹോദര തുല്യനാണ്. സഹോദരന് മറ്റൊരു സഹോദരനെ ബലിയാടാക്കില്ല. നമ്പി നാരായണന് വേട്ടയാടപ്പെട്ടതിന് തുല്യമായ വേട്ടയാടലാണ് ഞാന് ഇപ്പോള് അനുഭവിക്കുന്നത്. കൃത്യമായ തെളിവില്ലാതെ തന്നെ അക്രമിക്കുകയാണ്. ഏത് അന്വേഷണത്തിനും ഞാന് തയ്യാറാണ്. ഈ വിഷയത്തില് ഏരിയ കമ്മിറ്റി ഒന്നും എന്നെ അറിയിച്ചിട്ടില്ല. തന്നെ കുടുക്കാന് ശ്രമിച്ച എല്ലാ വിവരങ്ങളും പാര്ട്ടി പുറത്ത് പറയണമെന്നും പ്രമോദ് പറഞ്ഞു.

ഇതിനിടെ പ്രമോദ് കോട്ടൂളിയെ പാര്ട്ടിയില് നിന്ന് പുറത്താക്കിയതായി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന് പ്രഖ്യാപിച്ചു. പാര്ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. പിഎസ്സി കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്ട്ടിക്ക് ലഭിച്ചിട്ടില്ല. പാര്ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്ട്ടിയുടെ സല്പ്പേരിന് കളങ്കമുണ്ടാക്കിയതിനുമാണ് നടപടിയെന്നും പി മോഹനന് മാധ്യമങ്ങളെ അറിയിച്ചു. പാര്ട്ടി ഭരണഘടന അനുസരിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് നടപടി. ഏകകണ്ഠമായാണ് പ്രമോദിനെ പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയെടുത്തതെന്നും പി മോഹനന് പറഞ്ഞു. കോഴിക്കോട് ടൗണ് ഏരിയാ കമ്മിറ്റിയംഗമാണ് പ്രമോദ്.

ജില്ലാ കമ്മിറ്റി യോഗ തീരുമാനം ഏരിയ കമ്മിറ്റിയില് റിപ്പോര്ട്ട് ചെയ്യും. ഏരിയ കമ്മിറ്റിയിലായിരിക്കും പുറത്താക്കല് സംബന്ധിച്ച് അന്തിമ തീരുമാനം. വിഷയത്തില് സംസ്ഥാന കമ്മിറ്റിക്കുള്ള അതൃപ്തി യോഗത്തില് രേഖപ്പെടുത്തിയിരുന്നു. ജില്ലാ കമ്മിറ്റിക്ക് വീഴ്ചപറ്റിയെന്നും അഭിപ്രായമുണ്ട്. ജില്ലാ കമ്മിറ്റി യോഗത്തില് ടി പി രാമകൃഷ്ണന് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിഷയം കൈകാര്യം ചെയ്തതില് ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് അദ്ദേഹം അറിയിച്ചു.

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നല്കിയിരുന്നു. ഇതു പരിശോധിച്ചാണ് ജില്ലാ കമ്മിറ്റിയുടെ നടപടി. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കില് പ്രതിഷേധിക്കുമെന്ന സൂചനയാണ് ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങള് നേരത്തെ ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. അതേസമയം തനിക്കൊന്നും ഒളിച്ച് വെക്കാനില്ലെന്നും എല്ലാം പാര്ട്ടിക്ക് അന്വേഷിക്കാമെന്നുമുള്ള നിലപാടിലാണ് പ്രമോദ്. എന്നാല് നടപടിയെടുത്താല് പ്രമോദ് കൂടുതല് ഗുരുതരമായ എന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ആശങ്കയും പാര്ട്ടിക്കുണ്ട്.

പി എസ് സി കോഴ വിവാദം; 'തെളിവ് തരണം', സിപിഐഎമ്മിനെ വെല്ലുവിളിച്ച് പ്രമോദ് കോട്ടൂളി

പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്ച്ച ചെയ്യാന് ചേര്ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില് തര്ക്കം ഉടലെടുത്തിരുന്നു. പ്രമോദിന്റെ റിയല്എസ്റ്റേറ്റ് ബന്ധത്തെ ചൊല്ലിയാണ് നേതാക്കള് തമ്മില് തര്ക്കിച്ചത്. പരസ്യ കമ്പനി നടത്തുന്ന മറ്റൊരു ജില്ലാ കമ്മറ്റി അംഗത്തിനും വന്കിട റിയല് എസ്റ്റേറ്റ് ബന്ധങ്ങള് ഉണ്ടെന്നും ഇയാള്ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം ചോദിച്ചു. പ്രമോദിനെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില് ആവശ്യപ്പെട്ടു. എന്നാല് സസ്പെന്ഷനോ തരംതാഴ്ത്തലോ മതിയെന്ന നിലപാടിലായിരുന്നു എതിര്പക്ഷം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us