
/topnews/kerala/2024/07/13/promotion-of-gst-tax-officer-is-with-fake-certificate-enquiry-report
തിരുവനന്തപുരം: ജിഎസ് ടി ടാക്സ് ഓഫീസറുടെ സ്ഥാനക്കയറ്റം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന റിപ്പോർട്ടർ വാർത്ത സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. സ്റ്റേറ്റ് ടാക്സ് ഓഫീസർ അനിൽ ശങ്കറാണ് മതിയായ യോഗ്യതയില്ലാതെ ജോലിയിൽ തുടരുന്നത്. എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഇയാൾ യുഡി ക്ലാർക്ക് ആകാൻ സർവീസ് ബുക്കിൽ തിരുത്തൽ വരുത്തിയെന്നും കണ്ടെത്തി. ക്രമക്കേട് സംബന്ധിച്ച് ജോയിൻ്റ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
144 പേജുള്ള അന്വേഷണ റിപ്പോര്ട്ടാണ് ജോയിന്റ് കമ്മീഷണര് ജിഎസ്ടി കമ്മീഷണര്ക്ക് സമര്പ്പിച്ചിരിക്കുന്നത്. പ്രൊമോഷൻ നേടുന്ന കാലയളവിൽ സർവീസ് ബുക്ക് കൈകാര്യം ചെയ്തിരുന്ന വിഭാഗത്തിലാണ് അനിൽ ശങ്കർ ജോലി ചെയ്തിരുന്നത്. വകുപ്പ് തല പരീക്ഷ പാസ്സായതിൻ്റെയും ബികോം ബിരുദമുള്ളതിൻ്റെയും ആധികാരിക രേഖകൾ സർക്കാരിന് മുന്നിൽ ഹാജരാക്കാൻ അനിൽ ശങ്കറിന് കഴിഞ്ഞിരുന്നില്ല.
നികുതി വകുപ്പിൽ എൽഡി ക്ലർക്കായി കയറിയ അനിൽ ശങ്കറിന് യുഡി ക്ലർക്കാവണമെങ്കിൽ പിഎസ് സി നടത്തുന്ന അക്കൗണ്ട് ടെസ്റ്റ് ലോവര് കൂടാതെ ഡിപാർട്ട്മെൻ്റിൻ്റെ മറ്റ് രണ്ട് പരീക്ഷകളും പാസ്സാവണം. അനിൽ ശങ്കർ കേരളാ ജനറൽ സെയിൽ ടാക്സ് പരീക്ഷ പാസ്സാവാതെ ഇതും പാസ്സായതായി സർവീസ് ബുക്കിൽ എഴുതി ചേർത്തതോടെയാണ് യുഡി ക്ലർക്കായി പ്രൊമോഷൻ കിട്ടിയത്. 2009-ൽ ഹെഡ് ക്ലാർക്കായി എസ്റ്റാബ്ലിഷ്മെൻ്റ് ചുമതലയിൽ എറണാകുളം തേർഡ് സർക്കിളിൽ ജോലി ചെയ്യുന്ന സമയത്താണ് അടുത്ത അട്ടിമറി നടന്നത്.
2020-ൽ പരാതി ഉയർന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ജനറൽ സെയിൽ ടാക്സ് അല്ലെങ്കിൽ ബുക്ക് കീപ്പിംഗ് അക്കൗണ്ടൻസി അല്ലെങ്കിൽ ബികോം ബിരുദം, ഈ മൂന്നെണ്ണത്തിൽ ഒന്നും തെളിയിക്കാനാവാത്തതോടെയാണ് അനിൽ ശങ്കറിനെതിരായ റിപ്പോർട്ട് കെെമാറിയത്.