

തൃശ്ശൂർ: വികസനത്തെ പിന്തുണക്കുന്ന മേയർ എം കെ വർഗീസിനെതിരെയുള്ള രാഷ്ട്രീയ നീക്കം പരിഹാസ്യമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. വികസനത്തിന് മേയർ നേതൃത്വം നൽകിയാൽ ബിജെപി സഹായിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മേയർക്ക് രാഷ്ട്രീയ പിന്തുണ ആവശ്യമില്ല. നിയമസഭാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മറുപടി പറയേണ്ടത് മേയറാണ്. തൃശ്ശൂർ നഗരത്തിൻ്റെ വികസനമാണ് ബിജെപിയുടെ മുഖ്യ അജണ്ട. വികസനത്തിൽ രാഷ്ട്രീയം കലർത്തുന്ന പാര്ട്ടിയല്ല ബിജെപി. സുരേഷ്ഗോപി നടത്തിയ പ്രവർത്തനങ്ങളെയാണ് മേയർ പ്രശംസിച്ചത്. മേയർക്കെതിരായ രാഷ്ട്രീയ നീക്കം വികസനത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നവരുടെ ദുഷ്ടലാക്കാണെന്നും എം ടി രമേശ് ആരോപിച്ചു.
ദുഷ്ടലാക്ക് തൃശ്ശൂരിലെ ജനങ്ങൾ തിരിച്ചറിയും. മേയറെ വേട്ടയാടുന്നത് എന്തിനാണ്? തൃശ്ശൂരിനു വേണ്ടി സുരേഷ് ഗോപി ചെയ്യുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാണ്. യാഥാർത്ഥ്യം പറഞ്ഞതിൽ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് പ്രയാസമെന്തിനെന്നും അദ്ദേഹം ചോദിച്ചു. മേയർക്കെതിരെ മറ്റു പരാതിയുണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടെ തലയിലിടണ്ടെന്നും എം ടി രമേശ് പറഞ്ഞു. കോണ്ഗ്രസില് നിന്നും രാജിവെച്ച എം കെ വര്ഗീസ് സിപിഐഎം പിന്തുണയോടെയാണ് കോര്പ്പറേഷന് ഭരിക്കുന്നത്. ജനം വളരെ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപിയെ കാണുന്നതെന്ന മേയറുടെ വാക്കുകള് വലിയ ചർച്ചയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പും മേയർ സുരേഷ് ഗോപിയെ പ്രശംസിച്ചിരുന്നു. സുരേഷ് ഗോപി തൃശൂര് എംപിയാവാല് ഫിറ്റായ ആളെന്നായിരുന്നു പറഞ്ഞത്.
എന്നാല് ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് എം കെ വർഗീസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബിജെപിയുമായി സഹകരിക്കാൻ കഴിയില്ലെന്നും വിവാദങ്ങള്ക്കിടെ എം കെ വർഗീസ് പ്രതികരിച്ചു. വലിയ പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. വികസനം നടത്തുമെന്ന് ജനത്തിന് പ്രതീക്ഷയുണ്ട്. വികസനം നടത്താൻ തയ്യാറായാൽ കൂടെ നിൽക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ആര് വികസനത്തിനൊപ്പം നിന്നാലും താൻ അവർക്കൊപ്പം നിൽക്കും. സുരേഷ് ഗോപിക്ക് വികസനത്തിൽ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ട്. അദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യും. സിപിഐയുടെ എതിർപ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പറഞ്ഞ എം കെ വർഗീസ് എവിടെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു.