
May 17, 2025
03:39 PM
കുറ്റിപ്പുറം: ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന് എറിഞ്ഞ ഇഷ്ടികയേറില് യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂര് ജലാലിയ പ്രിന്റിങ് വര്ക്സ് ഉടമ രായംമരക്കാര് വീട്ടില് ഷറഫുദ്ദീന് മുസ്ലിയാര്(43)ക്കാണ് പരിക്കേറ്റത്. ഇയാളുടെ വയറിലാണ് ഇഷ്ടിക കൊണ്ടത്. പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-നായിരുന്നു സംഭവം. കാസര്കോട്ടേക്ക് പോകാനായി കുറ്റിപ്പുറം റെയില്വേസ്റ്റേഷനില്നിന്ന് എഗ്മോര്-മംഗളൂരു തീവണ്ടിയില് കയറിയതായിരുന്നു ഷറഫുദ്ദീന്.
സ്റ്റേഷനില്നിന്ന് വണ്ടി പുറപ്പെട്ട് രണ്ടുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇഷ്ടികയേറുണ്ടായത്. എസ് ഒന്പത് കോച്ചിന്റെ വലതുവശത്തെ ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദ്ദീന് ഇരുന്നിരുന്നത്. ജനലിലൂടെ എറിഞ്ഞ ഇഷ്ടികവന്ന് വീണത് വയറിലേക്കായിരുന്നു. വേദനയുണ്ടായെങ്കിലും മറ്റു പ്രശ്നങ്ങളില്ലെന്ന് ഷറഫുദ്ദീന് മുസ്ലിയാര് പറഞ്ഞു. സംഭവം നടന്ന ഉടനെ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലും ആര്പിഎഫിലും വിളിച്ച് പരാതിപ്പെട്ടു. സംഭവത്തില് ആര്പിഎഫ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.