തിരഞ്ഞെടുപ്പ് പരാജയത്തെ മാനിക്കുന്നു; ഇപ്പോള് പോകുന്നത് പോലെ പോര; ബിനോയ് വിശ്വം

'സര്ക്കാര് ഇടതുപക്ഷ നയങ്ങളില് വ്യതിചലിക്കരുത്'

dot image

കോഴിക്കോട്: ലോകസഭ തിരഞ്ഞെടുപ്പ് പരാജയത്തെ മാനിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളുടെ മുന്നറിയിപ്പ് മനസ്സിലാക്കുന്നു. തിരുത്തേണ്ടത് തിരുത്തും. തിരഞ്ഞെടുപ്പ് പരാജയം മുന്നറിയിപ്പാണ്. സര്ക്കാര് ഇടതുപക്ഷ നയങ്ങളില് നിന്ന് വ്യതിചലിക്കരുത്. ക്ഷേമപെന്ഷന് മുടങ്ങരുത്. മാവേലി സ്റ്റോറുകള് കാലിയാക്കരുത്. നേതാക്കന്മാര് വിമര്ശനത്തിന് അതീതരല്ല. ചര്ച്ചകളില് വിമര്ശനം സ്വാഭാവികം. വിമര്ശനങ്ങള് മുന്നണി ഐക്യത്തെ ബാധിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

നയങ്ങളാണ് സര്ക്കാറിനെ ജനങ്ങളോട് അടുപ്പിക്കുന്നതെന്ന് അച്യുതമേനോന് സര്ക്കാറിനെ ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം പറഞ്ഞു. എല്ലാവരേക്കാളും വലിയവര് ജനങ്ങളാണ്. അത് ഞങ്ങള് കാണുന്നുണ്ട്. ജനങ്ങള് ചില കാര്യങ്ങളില് എല്ഡിഎഫിന് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. ജന കല്പനയെ ഞങ്ങള് സ്വീകരിക്കും. എല്ഡിഎഫ് ഇപ്പോള് പോകുന്നത് പോലെ പോയാല് പോരാ എന്നാണ് ജനങ്ങള് പറയുന്നത്. തിരുത്താനുള്ള കാര്യങ്ങള് തിരുത്തും. ഇടതുപക്ഷ മൂല്യങ്ങള് മറന്നു പോയിട്ടില്ല. എല്ഡിഎഫ് കൂട്ടായ ചര്ച്ചയില് കണ്ടെത്തിയ കാര്യങ്ങള് ജനങ്ങളോട് തുറന്ന് പറയും.

ഇടതുപക്ഷത്തിന്റെ മുഖ്യശത്രു ബിജെപിയാണ്. അവരെ തോല്പ്പിക്കാന് കഴിയുന്നവരെല്ലാവരുമായി കൂട്ട് പിടിക്കാം. രാജസ്ഥാനില് കമ്മ്യൂണിസ്റ്റ് എംപി ഉണ്ടായത് കോണ്ഗ്രസിന്റെ സഹായം കൊണ്ടാണ്. അത് കാലത്തിന്റെ മാറ്റമാണ്. കോണ്ഗ്രസിനെ നേരത്തെ മുന്വിധിയോടെ കാണേണ്ടതില്ല. ഇന്ത്യന് രാഷ്ട്രീയത്തിലെ മുഖ്യശത്രു ഫാസിസ്റ്റായ ബിജെപിയാണ്. കേരളത്തിലെ ഫലം എന്തായാലും ഇന്ഡ്യ സഖ്യത്തെ ജനങ്ങള് മാനിച്ചിരിക്കുന്നു. ഇന്ഡ്യ സഖ്യം ഫാസിസത്തിനെതിരായ പോരാട്ട വീര്യത്തിന്റെ രാഷ്ട്രീയമാണ് ഉയര്ത്തിപ്പിടിക്കുന്നത്.

ഈ തിരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷ മൂല്യങ്ങള് ഉയര്ത്തിപ്പിടിക്കണമെന്ന് ജനങ്ങള് ഓര്മ്മപ്പെടുത്തുന്നു. ജനങ്ങള് ആഗ്രഹിക്കുന്ന രീതിയില് തിരുത്തും. പൂര്വാധികം ശക്തിയോടെ തിരിച്ചുവരും. സിപിഐഎം ഉള്പ്പെടെ എല്ലാ കക്ഷികളും തിരുത്തും. ക്ഷേമപെന്ഷന് മുടങ്ങി, മാവേലി സ്റ്റോറുകള് കാലിയായി ഇതെല്ലാം കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയതിന്റെ ഫലമാണ്. സാമ്പത്തിക ഞെരുക്കം നേരിടുമ്പോള് മുന്ഗണന കൊടുക്കേണ്ടത് എന്തിനാണെന്ന് സര്ക്കാര് തീരുമാനിക്കണം. ക്ഷേമപെന്ഷന് മുടങ്ങാന് പാടില്ല. മാവേലി സ്റ്റോറുകളില് സാധനം ലഭ്യമാക്കണം. പരാജയ കാരണങ്ങള് പാര്ട്ടി കമ്മിറ്റികളില് ചര്ച്ച ചെയ്യാറുണ്ട്. നേതാക്കന്മാര്ക്കെതിരെ വിമര്ശനമുണ്ടാകാറുണ്ട്. നേതാക്കന്മാര്ക്ക് ഹാലേലുയ പാടാന് അല്ല ചര്ച്ചകള്. നേതാവ് പറയുന്നതിന് കയ്യടിക്കലല്ല ചര്ച്ചകള്. വിമര്ശനം മുന്നണി ഐക്യത്തെ തകര്ക്കില്ല. ഒന്നിച്ച് മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

dot image
To advertise here,contact us
dot image