മഴ: തിരുവനന്തപുരത്ത് 1.41 കോടി രൂപയുടെ കൃഷി നാശം, വെൺപാലവട്ടം അങ്കണവാടിയിൽ ക്യാമ്പ് തുറന്നു

വാഴ കൃഷിയെയാണ് മഴ ഏറെ ബാധിച്ചത്

dot image

തിരുവനന്തപുരം: ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 1.41 കോടി രൂപയുടെ കൃഷി നാശമുണ്ടായതായി റിപ്പോർട്ട്. 14.15 ഹെക്ടർ പ്രദേശത്തെ കൃഷിയാണ് നശിച്ചത്. വിവിധ കൃഷി മേഖലകളിലായി 289 കർഷകരെ നഷ്ടം ബാധിച്ചിട്ടുണ്ട്. വാഴ കൃഷിയെയാണ് മഴ ഏറെ ബാധിച്ചത്. 11.54 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി മഴയിൽ നശിച്ചു. 1.05 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയും 0.16 ഹെക്ടർ പ്രദേശത്തെ നാളികേര കൃഷിയും മഴയില് നശിച്ചു.

കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. കടകംപള്ളി വില്ലേജിൽ വെൺപാലവട്ടം അങ്കണവാടി ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കഴിയുന്നത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണുള്ളത്. മൂന്ന് വീടുകൾ പൂർണമായും 16 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര് ഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.

dot image
To advertise here,contact us
dot image