
May 18, 2025
09:40 PM
തിരുവനന്തപുരം: നിയുക്ത മന്ത്രി ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേൽക്കുക. കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ ആർ കേളു മന്ത്രിയായി ചുമതലയേൽക്കുന്നത്. മാനന്തവാടി എംഎല്എയാണ് ഒ ആർ കേളു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സർക്കാർ ആവശ്യപ്പെട്ട സമയം ഗവർണർ അംഗീകരിക്കുകയായിരുന്നു.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎൽഎമാർ സിപിഐഎമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ് കേളു.
പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഐഎം മന്ത്രിയാക്കിയിട്ടില്ല. സിപിഐഎം വർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡൻറാണ് കേളു. 2016 ലാണ് ഒ ആര് കേളു ആദ്യം നിയമസഭയിലെത്തിയത്. തുടര്ച്ചയായ 10 വര്ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുറിച്യ സമുദായത്തില് നിന്നുള്ളയാളാണ് അദ്ദേഹം. കെ രാധാകൃഷ്ണന് കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന് വാസവനും പാര്ലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നല്കാന് തീരുമാനമായി.