
കാസര്കോട്: പെരിയ കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ നേതാക്കൾ പങ്കെടുത്ത സംഭവത്തില് കോണ്ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്ട്ട് കെപിസിസിക്ക് കൈമാറി. പെരിയ രക്തസാക്ഷി കുടുംബത്തെ സംരക്ഷിക്കുന്നതിൽ പാർട്ടി ജില്ലാ നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചതായാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്.
വിവാഹ ചടങ്ങിൽ നേതാക്കൾ പങ്കെടുത്തത് ഗുരുതര തെറ്റാണ്. പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന നടപടി. വിവാഹ ചടങ്ങിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണം. പെരിയ സംഘർഷ കേസ് നടത്തിപ്പിലും നേതൃത്വത്തിന് വീഴ്ച്ച പറ്റി. കേസ് നടത്തിപ്പിൽ ജില്ലാ നേതൃത്വം ഇടപെടുന്നില്ലെന്നും റിപ്പോര്ട്ടില് പറയുന്നു.
ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളെ നേതൃത്വം അവഗണിക്കുന്നതായും കണ്ടെത്തലുണ്ട്. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം വേണമെന്ന് നിർദ്ദേശം. പ്രതിമാസം ജില്ലാ നേതാക്കൾ രക്തസാക്ഷികളുടെ വീട് സന്ദർശിക്കണം. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കാൻ കെപിസിസി നേതൃത്വത്തിൽ കമ്മിറ്റിക്ക് രൂപം നൽകണമെന്നും നിർദ്ദേശമുണ്ട്. പി എം നിയാസ്, എൻ സുബ്രഹ്മണ്യൻ എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.