'ട്രാഫിക് നിയമലംഘന വീഡിയോകൾ നീക്കണം'; യൂട്യൂബിന് കത്തെഴുതി ട്രാൻസ്പോർട്ട് കമ്മീഷണർ

യൂട്യൂബ് മോഡറേഷൻ ടീമിന് ട്രാൻസ്പോർട്ട് കമ്മീഷണർ കത്തെഴുതിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

dot image

കൊച്ചി: വ്ലോഗർമാരുടെയും യൂട്യൂബർമാരുടെയും ട്രാഫിക് നിയമലംഘന വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യൂട്യൂബ് മോഡറേഷൻ ടീമിന് ട്രാൻസ്പോർട്ട് കമ്മീഷണർ കത്തെഴുതിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം വീഡിയോകൾ അപകടകരമായ രീതിയിൽ വാഹനം ഓടിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് ചെറുപ്പക്കാരെ വലിയതോതിൽ സ്വാധീനിക്കുന്നുണ്ടെന്നുമാണ് യൂട്യൂബിനയച്ച കത്തിൽ പറയുന്നത്.

ഓൺലൈനിൽ അപ്ലോഡ് ചെയ്ത ഇത്തരം വീഡിയോകളടക്കം മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണത്തിന് സമയംവേണമെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. വ്ലോഗർമാരും യൂട്യൂബർമാരും നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്കെതിരായ ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും ഹരിശങ്കർ വി മേനോനും അടങ്ങിയ ഡിവിഷൻ ബെഞ്ച്.

ഓട്ടോ ഷോ അടക്കമുള്ള പ്രവൃത്തികൾ കലാലയങ്ങളിൽ ഉണ്ടാകരുതെന്ന നിർദേശം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറെയും ഉന്നതവിദ്യാഭ്യാസ ഡയറക്ടറെയും അറിയിച്ചിട്ടുണ്ടെന്നും മോട്ടോർവാഹനവകുപ്പിന്റെ അഭിഭാഷകൻ അറിയിച്ചു. എൽഇഡി ലൈറ്റുകളടക്കം സ്ഥാപിച്ച വാഹനങ്ങളിൽ വിനോദയാത്ര അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ശബരിമല യാത്രാവാഹനങ്ങളിലും ഈ നിബന്ധനകളുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം ഫയൽചെയ്യാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കോടതി നിർദേശം നൽകി. വിഷയം 25-ന് വീണ്ടും പരിഗണിക്കും.

dot image
To advertise here,contact us
dot image