
/topnews/kerala/2024/06/04/bet-between-congress-member-and-bjp-member-in-thrissur-who-will-win-the-car
തൃശൂർ: ഇത്തവണ തൃശൂർ ആര് കൊണ്ടുപോകും? സുരേഷ് ഗോപിയെന്ന് ചില്ലി സുനി, മുരളീധരൻ അല്ലാതെ മറ്റാര് എന്ന് ബൈജു തെക്കൻ... ചായക്കടയിലെ തിരഞ്ഞെടുപ്പിന്റെ ചൂട് പിടിച്ച ചർച്ചക്കിടെ ബിജെപി പ്രവർത്തകൻ ചില്ലി സുനിയും കോൺഗ്രസ് പ്രവർത്തകനായ ബൈജുവും നേർക്കുനേർ മുട്ടിയപ്പോൾ ഉണ്ടായത് ഒരു പന്തയമാണ്, വെറും പന്തയമല്ല കാർ പന്തയം.
ഏതാനും നാളുകൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞ ചില്ലി സുനിയുടെയും ബൈജുവിന്റെയും പന്തയത്തിന് അവസാനം കുറിയ്ക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ജനവിധിയിൽ തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ ബൈജുവിന്റെ വാഗൺ ആർ കാർ ചില്ലി സുനിക്ക് സ്വന്തം. അതല്ല, മുരളീധരനാണ് ജയിക്കുന്നതെങ്കിൽ ചില്ലി സുനിയുടെ സ്വിഫ്റ്റ് ഡിസയർ ബൈജുവിനും.
മണത്തല ചാപ്പറമ്പിലെ ചായക്കടയിൽ രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയ ചർച്ച ഒരു പന്തയത്തിലേക്കെത്തുമെന്ന് ബൈജു തെക്കനും ചില്ലി സുനിയും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല. സുരേഷ് ഗോപിക്കുമേൽ 25,000 വോട്ടിന് ഭൂരിപക്ഷം മുരളീധരനുണ്ടാകുമെന്ന ബൈജുവിന്റെ കോൺഫിഡൻസിനെ വെല്ലുവിളിക്കുന്നതായിരുന്നു സുരേഷ് ഗോപി ജയിക്കുമെന്ന ചില്ലി സുനിയുടെ ഉറപ്പ്.
ചർച്ച മൂർച്ഛിച്ച് മണത്തല നാഗയക്ഷി ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുവരുടെയും കാറുകൾക്ക് മുന്നിൽ വരെ എത്തി. അവിടെ വെച്ച് പന്തയം ഉറപ്പിച്ചു. സാക്ഷികളായി സുഹൃത്തുക്കളും. സമൂഹ മാധ്യമങ്ങളിൽ ഈ സംഭവത്തിന്റെ വീഡിയോ വലിയ പ്രചാരം നേടിയിരുന്നു. എന്നാൽ ഇവരാരുമാല്ല, തൃശൂർ നൈസായി എടുക്കാൻ പോകുന്നത് സുനിൽ കുമാറായിരിക്കുമെങ്കിൽ ബൈജുവിന്റെയും സുനിയുടെയും കാർ ആരെടുക്കുമെന്ന കമന്റുകളും കൂടെയെത്തിയിരുന്നു. ആ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം.
സ്ട്രോങ് റൂമുകള് തുറന്നു; വോട്ടെണ്ണുന്നത് എങ്ങനെ, നടപടിക്രമങ്ങള് എന്തൊക്കെ? വിശദമായി അറിയാം