
/topnews/kerala/2024/06/01/black-flag-protest-of-the-opposition-in-front-of-the-corporation-over-the-water-dam-in-kochi
കൊച്ചി: കൊച്ചി നഗരത്തിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിനെ ചൊല്ലി കൊച്ചി കോർപ്പറേഷന് മുന്നിൽ പ്രതിപക്ഷത്തിൻ്റെ കരിങ്കൊടി പ്രതിഷേധം. കോർപ്പറേഷന് മുന്നിൽ രാവിലെ നടന്ന ധർണക്കിടെ കോർപ്പറേഷൻ മതിൽ ചാടിക്കടന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
നഗരത്തിലെ വെള്ളകെട്ടിന് കാരണം കോർപ്പറേഷന്റെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തിയത്. അരവിന്ദാക്ഷൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. മഴക്കാല ശുചീകരണത്തിൽ കോർപ്പറേഷൻ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്ന് എറണാകുളം മണ്ഡലം എം പി ഹൈബി ഈഡൻ ആരോപിച്ചു.
ധർണയിൽ ഡിസിസി അംഗങ്ങളും കൗൺസിലർമാരും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. പശ്ചിമ കൊച്ചിയിലെ പല കനാലുകളും വൃത്തിയാക്കിട്ടില്ലെന്നും സർക്കാരിന്റെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പരാജയമാണെന്നും പ്രതിപക്ഷം ആരോപിച്ചു. കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിൽ ആം ആദ്മി പാർട്ടി നേതാക്കളും പ്രതിഷേധവുമായി എത്തി. നഗരസഭ ഓഫീസിന് മുന്നിൽ കെട്ടികിടക്കുന്ന വെള്ളം ചൂൽ ഉപയോഗിച്ച് അടിച്ചുകളഞ്ഞായിരുന്നു പ്രതിഷേധം.
'കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു': 'എട്ട്' പാസായി പക്ഷേ ലൈസൻസ് കിട്ടില്ല; ഒപ്പം 20,000 രൂപ പിഴയും