
/topnews/kerala/2024/05/30/the-high-court-will-hear-shaun-georges-plea-regarding-exalogics-foreign-financial-transaction
കൊച്ചി: എക്സാലോജികിന്റെ വിദേശ സാമ്പത്തിക ഇടപാടുകളില് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ് ജോര്ജ്ജ് നല്കിയ ഉപഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന കെഎസ്ഐഡിസി നല്കിയ ഹര്ജിയിലും ഹൈക്കോടതി വാദം കേള്ക്കും. ജസ്റ്റിസ് ടി ആര് രവി അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.
വീണ വിജയന്റെ എക്സാലോജിക് കമ്പനി വിദേശത്തും സാമ്പത്തിക ഇടപാടുകള് നടത്തിയെന്നായിരുന്നു ഷോണ് ജോര്ജ്ജിന്റെ ആരോപണം. വിവാദ കമ്പനികളായ എസ്എന്സി ലാവ്ലിനും പ്രൈസ്ഹൗസ് വാട്ടര് കൂപ്പേഴ്സും എക്സാലോജികിന് പണം നല്കിയെന്നാണ് ഉപഹര്ജിയിലെ ആക്ഷേപം. വീണ വിജയന്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളിലും എസ്എഫ്ഐഒ അന്വേഷണം നടത്തണമെന്നാണ് ഉപഹര്ജിയിലെ ആവശ്യം. പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് പരാതി നല്കിയെങ്കിലും നടപടിയെടുത്തില്ല. ആക്ഷേപം കേന്ദ്ര കമ്പനികാര്യ മന്ത്രാലയവും എസ്എഫ്ഐഒയും അന്വേഷിക്കാന് നിര്ദ്ദേശിക്കണമെന്ന ഷോണ് ജോര്ജ്ജിന്റെ ആവശ്യമാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച് നേരിട്ട് അറിവില്ലെന്നാണ് ഷോണ് ജോര്ജ്ജ് കമ്പനികാര്യ മന്ത്രാലയത്തിന് നല്കിയ പരാതിയില് വ്യക്തമാക്കിയത്. മറ്റൊരാള് പറഞ്ഞുള്ള അറിവാണ് ഉള്ളതെന്നും ഇക്കാര്യത്തില് മന്ത്രാലയം അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലെ ഉള്ളടക്കം. ഇതിന്മേല് അന്വേഷണത്തിന് നിര്ദ്ദേശം നല്കണമെന്നാണ് ഷോണ് ജോര്ജ്ജിന്റെ ഉപഹര്ജിയിലെ ആവശ്യം. സിഎംആര്എല് - എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി എസ്എഫ്ഐഒ കെഎസ്ഐഡിസിയിലെത്തി രേഖകള് ശേഖരിച്ചിരുന്നു. ഈ അന്വേഷണം തടയണമെന്ന കെഎസ്ഐഡിസിയിലെ ആവശ്യം നേരത്തെ ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണം റദ്ദാക്കണമെന്ന കെഎസ്ഐഡിസിയുടെ ഹര്ജിയിലും ഹൈക്കോടതി ഇന്ന് വാദം കേള്ക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ് നേരത്തെ ആരോപിച്ചിരുന്നു. എക്സാലോജിക് കൺസൽട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. എസ്എൻസി ലാവ്ലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പിഡബ്ല്യുസി) കമ്പനികളിൽ നിന്ന് വൻ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഷോൺ ജോർജ്ജ് ആരോപിച്ചു. തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്ഐഒയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഷോൺ വ്യക്തമാക്കിയിരുന്നു.
ഒരു ഇന്ത്യൻ പൗരൻ വിദേശത്തു അക്കൗണ്ട് തുടങ്ങിയാൽ ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യണം. വീണയുടെ ഇൻകം ടാക്സ് റിട്ടേൺസിൽ ഇത് കാണിച്ചിട്ടില്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യമാണെന്നും പിഡബ്ല്യുസി ഇടപാടും മസാല ബോണ്ടും അന്വേഷിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. അബുദാബി കൊമേഴ്സ് ബാങ്കിൽ എക്സാലോജിക്കിന് അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ്ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിലൂടെ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്. ഈ ഇടപാടുകൾ കരിമണൽ കടത്തും മാസപ്പടിയുമായി ബന്ധപ്പെട്ടതാണോയെന്ന് സംശയമുണ്ട്. സംശയ നിഴലിലുള്ള കമ്പനികളിൽ നിന്നാണ് പണം വന്നത്. വീണ വിജയന്റെയും എം സുനീഷ് എന്നൊരാളുടെയും പേരിൽ ഉള്ളതാണ് അക്കൗണ്ട്. ലാവലിൻ, പിഡബ്ല്യുസി എന്നിവ സംശയത്തിലുള്ള കമ്പനികളാണ്. സിഎംആർഎല്ലിൽ നടന്ന ഇടപാടുകളും കണ്ടെത്തണമെന്നാണ് ഷോൺ ജോർജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്.