
/topnews/kerala/2024/05/22/trolling-restriction-in-kerala-from-june-10
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ തുടരും. ജൂൺ 9 അർധരാത്രി മുതൽ ട്രോളിങ് നിരോധനം ആരംഭിക്കും. ജൂലൈ 31 അർധരാത്രി 12 മണി വരെ ട്രോളിങ് നിരോധനം തുടരും. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികള്ക്കുള്ള സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അതേസമയം ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധത്തിന് മുന്നേ കേരളതീരം വിട്ടുപോകുന്നുവെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.
സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നാണ് നിർദേശം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് നിർദേശം. കേരള തീരത്ത് നാളെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലേര്ട്ട്. ഒമ്പത് ജില്ലകളില് ഓറഞ്ച് അലേര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്