സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

നടപടിക്രമങ്ങളുടെ സാങ്കേതികത്വവും നിയമസാധുതയും മാത്രം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സുധാകരൻ്റെ അപ്പീൽ അനുവദിച്ചതെന്ന് ഇ പി ജയരാജൻ

dot image

കോഴിക്കോട്: തന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത് സംബന്ധിച്ച് രാവിലെ മുതൽ ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്ത തീർത്തും തെറ്റാണ്. മാധ്യമ വാർത്ത വിശ്വസിച്ച് പ്രതികരിച്ചതും ഇതിൻ്റെ അടിസ്ഥാനത്തിലാണ്. എന്നാൽ മാധ്യമ വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്ന് വിധിപ്പകർപ്പ് വ്യക്തമാക്കുന്നുവെന്ന് ഇ പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

നടപടിക്രമങ്ങളുടെ സാങ്കേതികത്വവും നിയമസാധുതയും മാത്രം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സുധാകരൻ്റെ അപ്പീൽ അനുവദിച്ചത്. ഒരു കേസിൽ രണ്ട് എഫ്ഐആർ പാടില്ലെന്നത് മാത്രമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ വിഷയം. അതായത് ആന്ധ്രയിലെ ചിരാല റെയിൽവെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ഉള്ളതിനാൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസിന് സാധുതയില്ലെന്ന് മാത്രം.

ആന്ധ്രാ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം സുധാകരൻ കേസിൽ പ്രതിയാണ്. അന്ന് ആറ് മാസത്തേക്ക് ആന്ധ്ര വിട്ടുപോകരുതെന്ന് പോലും കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാൽ അന്നത്തെ കേന്ദ്ര ഭരണവും സംസ്ഥാന ഭരണവും ഉപയോഗിച്ച് ഈ എഫ്ഐആറുമായി ബന്ധപ്പെട്ട കേസ് രണ്ടാക്കി മാറ്റി. അതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെ കോടതി ശിക്ഷിക്കുകയും ചെയ്തു.

എന്നാൽ സുധാകരൻ പ്രതിസ്ഥാനത്തുള്ള ഗൂഢാലോചനാക്കേസിലുള്ള തുടർ നടപടികൾ സ്തംഭിച്ചു. അപ്പോഴാണ് നീതി തേടി ഗൂഢാലോചന നടന്ന സ്ഥലങ്ങളിലൊന്നായ തിരുവനന്തപുരത്തെ സെഷൻസ് കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശ പ്രകാരം തമ്പാനൂർ പൊലീസ് അന്വേഷണം നടത്തി എഫ്ഐആർ ഇടുകയും ചെയ്തു. ആ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുധാകരൻ ഹൈക്കോടതിയിൽ ഉന്നയിച്ചത് ആന്ധ്രയിൽ ഇതേ കേസിൽ മറ്റൊരു എഫ് ഐ ആർ ഉണ്ടെന്ന് മാത്രമാണ്. അതാണ് കോടതി അംഗീകരിച്ചത്.

ആ എഫ്ഐആർ പ്രകാരം തുടർനടപടികൾ ഉണ്ടായില്ലെന്നത് ഹൈക്കോടതിയും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നുവെച്ചാൽ ആന്ധ്രയിലെ എഫ്ഐആർ പ്രകാരം സുധാകരനെതിരായ കേസ് നിലനിൽക്കുന്നുവെന്നാണ്. അതായത് സുധാകരൻ ഇപ്പോഴും പ്രതിയാണ് എന്ന് തന്നെയാണ്. ആന്ധ്രയിലെ എഫ്ഐആറിൻ്റെ പേരിൽ ഹൈക്കോടതി ഇങ്ങനെയൊരു നിലപാട് എടുത്ത സാഹചര്യത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ഇ പി പ്രസ്താവനയിൽ വ്യക്തമാക്കി.

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി
dot image
To advertise here,contact us
dot image