
May 18, 2025
08:30 PM
തിരുവനന്തപുരം: പൊലീസിനെയും മോട്ടോര് വാഹന വകുപ്പിനെയും വെല്ലുവിളിക്കുകയും ബൈക്കില് അഭ്യാസപ്രകടനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റില്. നെയ്യാറ്റിന്കര സ്വദേശി അഭിജിത്തി(22)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അപകടകരമായ രീതിയിൽ പ്രതി ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഭിജിത്ത് തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത്.
'ലിക്വി മോളി 390' എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അഭിജിത്ത് ബൈക്ക് അഭ്യാസത്തിന്റെ റീലുകള് പങ്കുവെച്ചത്. അപകടകരമായരീതിയില് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നരീതിയില് ബൈക്ക് ഓടിക്കുന്ന വീഡിയോ കേരള പൊലീസിനെ ടാഗ് ചെയ്താണ് യുവാവ് വെല്ലുവിളി നടത്തിയത്.
സംഭവം വാര്ത്തയാവുകയും വീഡിയോ ശ്രദ്ധയില്പ്പെടുകയും ചെയ്തതോടെ പൊലീസ് യുവാവിനെ പിടികൂടുകയായിരുന്നു. അമരവിള-നെയ്യാറ്റിന്കര റോഡിലാണ് പ്രതി ബൈക്കില് അഭ്യാസപ്രകടനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അഭിജിത്തിനെ പിന്നീട് സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു.