
May 17, 2025
08:10 AM
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസ്. തീരദേശത്ത് രാജീവ് പണം നൽകി വോട്ട് പിടിക്കുന്നതായി തരൂർ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. തിരുവനന്തപുരം സൈബർ പൊലീസാണ് രാജീവിന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. അദ്ദേഹം നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
സ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ പരാമർശം. പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകിയ വക്കീൽ നോട്ടീസ് അയയ്ക്കുകയും ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു.
എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു ശശി തരൂരിന്റെ വാദം. പണം നൽകിയതായി പറഞ്ഞു കേട്ടിരുന്നുവെന്നാണ് പറഞ്ഞതെന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാൽ ഭിന്നിപ്പുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ശശി തരൂരിനെതിരെ നൽകിയ പരാതിയിലെ ആരോപണം.
ഇല്ലാത്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞു; കെ കെ ശൈലജയ്ക്കെതിരെ പരാതി നല്കാന് ഷാഫി പറമ്പില്