
/topnews/kerala/2024/04/17/john-brittas-will-attend-kerala-university-program
തിരുവനന്തപുരം: പ്രഭാഷണം വിലക്കിയെങ്കിലും കേരള സര്വ്വകലാശാലയില് പോകുമെന്ന് ജോണ് ബ്രിട്ടാസ് എം പി. എന്താണ് ജനാധിപത്യം എന്നതില് വ്യക്തമായ ധാരണ ഇല്ലാത്തവരാണ് വി സി ആയി ഇരിക്കുന്നത്. പരിപാടിയില് പോയി പങ്കെടുക്കുമെന്നും ജോണ് ബ്രിട്ടാസ് പറഞ്ഞു. പ്രഭാഷണത്തില് പങ്കെടുക്കുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ല. ധാര്ഷ്ഠ്യവും ദാസ്യ വേലയും ഒരുമിച്ചാല് ഇങ്ങനെ ഉള്ള ഉത്തരവ് ഉണ്ടാകും. ജനാധിപത്യമെന്തെന്ന് ജനങ്ങള് അറിയണ്ടേ എന്നും ജോണ് ബ്രിട്ടാസ് പറഞ്ഞു.
ഇന്ന് കേരള സര്വ്വകലാശാലയില് നടത്താനിരുന്ന പ്രഭാഷണം വൈസ് ചാന്സലര് ഇടപെട്ട് തടഞ്ഞത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടികാട്ടിയാണ് നടപടി. 'ഇന്ത്യന് ജനാധിപത്യം, വെല്ലുവിളികളും കടമകളും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം നടത്തേണ്ടിയിരുന്നത്.
ഇന്ന് ഉച്ചയ്ക്ക് 1.15 ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. ഇടതുജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. എല്ലാ മാസവും പരമ്പര നടത്താറുണ്ടെന്നും പ്രഭാഷണ പരമ്പര പൊതുപരിപാടിയല്ലെന്നും യൂണിയന് ഭാരവാഹികള് അറിയിച്ചിരുന്നു. പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോ യൂണിവേഴ്സിറ്റി രജിസ്ട്രാറോ നിര്ദേശം നല്കിയിട്ടില്ലെന്നും ഭാരവാഹികള് പറയുന്നു.