
/topnews/kerala/2024/04/13/jifri-muthukoya-thangal-said-that-rs-34-crore-received-for-the-release-of-abdu-rahim-is-a-response-to-the-allegations-raised-by-some-people-against-kerala
കോഴിക്കോട്: കേരളത്തിനെതിരായി ചിലര് ഉയര്ത്തുന്ന ആക്ഷേപങ്ങള്ക്കുള്ള മറുപടിയാണ് അബ്ദു റഹീമിന്റെ മോചനത്തിനായി ലഭിച്ച 34 കോടി രൂപയെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമ സംസ്ഥാന അദ്ധ്യക്ഷന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്. മതേതരത്വം പുലരുന്ന കേരളത്തില് എല്ലാ മതസ്ഥരും എത്ര മാത്രം സന്തോഷത്തോടെയും ഐക്യത്തോടെയുമാണ് ജീവിക്കുന്നത് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് കേരളത്തിനേ ചെയ്യാനാകൂ. മറ്റാര്ക്കും ചെയ്യാനാകില്ല. മതസൗഹാര്ദ്ദത്തിന്റെ ഉദാഹരണമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള് പറഞ്ഞു.
സ്നേഹിക്കുന്നവരുടെ കൂടെ ആളുകള് ജീവിക്കും. അതിന്റെ പേരില് ഒരു മതവിഭാഗത്തെ ആക്ഷേപിക്കുന്നതാണ് കേരള സ്റ്റോറി. മുസ്ലിം മതസ്ഥര് മാത്രമാണോ ഇതരെ മതസ്ഥരെ വിവാഹം കഴിക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള് ചോദിച്ചു.
സംഘടന എന്ന നിലക്ക് സമസ്ത ഒരു രാഷ്ട്രീയ പാര്ട്ടിക്കും വോട്ട് ചെയ്യാന് പറയില്ല. മതവിശ്വാസത്തെ എതിര്ക്കുന്ന രാഷ്ട്രീയ പാര്ട്ടികളെ പിന്തുണക്കില്ല. ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യം നിലനില്ക്കണം. ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയും മതവിശ്വാസങ്ങള് സംരക്ഷിക്കപ്പെടണം. നാസര് ഫൈസി പറഞ്ഞ കാര്യങ്ങള് അദ്ദേഹത്തോട് ചോദിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള് പറഞ്ഞു.