
ഇറ്റാനഗര്: അരുണാചല് പ്രദേശിലെ ഹോട്ടല് മുറിയില് മലയാളി ദമ്പതിമാരുടെയും സുഹൃത്തായ അധ്യാപികയുടെയും മരണത്തില് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തില് വിശദമായ അന്വേഷണം തുടരുകയാണെന്നും ലോവര് സുബാന്സിരി എസ്പി കെനി ബാഗ്ര മാധ്യമങ്ങളെ അറിയിച്ചു. തിരുവനന്തപുരം വട്ടിയൂര്കാവ് സ്വദേശിനി ദേവി (40), ഭര്ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില് നവീന്തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്ക്കാവ് മണികണ്ഠേശ്വരം മേലത്തുമേലെ ജങ്ഷന് 'ശ്രീരാഗ'ത്തില് ആര്യ നായര് (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ഹോട്ടല്മുറിയില് മരിച്ചനിലയില് കണ്ടെത്തിയത്. മരണത്തില് അടിമുടി ദുരൂഹതകളുള്ളതിനാല് പൊലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തുകയാണ്.
ബ്ലാക് മാജിക് വിവാദം മരണത്തിന്റെ ആദ്യഘട്ടം മുതലേ ഉയര്ന്നുവന്ന സംശയമായിരുന്നു. ദമ്പതിമാരും മകളും ആണെന്ന് പറഞ്ഞാണ് മൂവരും മുറിയെടുത്തത്. ആര്യ മകളാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. എന്നാല്, ഇതിനുള്ള രേഖകള് നല്കിയില്ല. മാര്ച്ച് 28നാണ് മൂവരും ഹോട്ടലില് മുറിയെടുത്തതെന്ന് എസ്പി. പറഞ്ഞു. മാര്ച്ച് 31വരെ മൂവരെയും ഹോട്ടല് ജീവനക്കാര് പുറത്ത് കണ്ടിരുന്നു. ഹോട്ടലിലെ റസ്റ്റോറന്റില് നിന്നാണ് ഇവര് സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നത്. തുടര്ന്ന് ഇവരെ മുറിയില്നിന്ന് പുറത്തുകണ്ടില്ല. രാവിലെ 9.15ഓടെ ഫോണ് വിളിച്ചിട്ടും മുറിയില്നിന്ന് ആരും പ്രതികരിച്ചില്ല. തുടര്ന്ന് വാതിലില് മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ഇതോടെ ജീവനക്കാര് വാതില് തുറന്ന് അകത്ത് കടന്നതോടെയാണ് രണ്ട് യുവതികളുടെ മൃതദേഹങ്ങള് കണ്ടതിന്െ തുടര്ന്ന് ഉടന് പൊലീസില് അറിയിക്കുകയായിരുന്നു. മുറിയില് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ല. ഹോട്ടലിലെ സിസിടിവി പരിശോധിച്ചു. സംശായസ്പദമായി ഒന്നും കണ്ടെത്താനായില്ല. നവീന് ഒപ്പിട്ടതെന്ന് കരുതുന്ന ഒരുകത്തു ലഭിച്ചു. ഞങ്ങള് സന്തോഷത്തിലാണെന്നും എവിടെയായിരുന്നോ അവിടേക്ക് പോവുകയാണെന്നുമാണ് കത്തിലുണ്ടായിരുന്നത്. ചില ഫോണ്നമ്പറുകളും കത്തിലുണ്ടായിരുന്നു. കത്തിലുണ്ടായിരുന്ന നമ്പറില്നിന്ന് ദേവിയുടെ പിതാവിനെയാണ് പൊലീസ് ആദ്യം ബന്ധപ്പെട്ടത്. മരിച്ചത് മകളും ഭര്ത്താവുമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അദ്ദേഹം തന്നെയാണ് ദുര്മന്ത്രവാദം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്. ഇരുവരും ഇത്തരം പ്രവൃത്തികളില് ഏര്പ്പെട്ടിരുന്നതായും പിതാവ് പറഞ്ഞു. ഇതേ കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില് തിരുവനന്തപുരം പൊലീസുമായി ബ്ന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. എന്തിനാണ് ഇവര് അരുണാചല് പ്രദേശില് എത്തിയതെന്നടക്കം അന്വേഷിച്ചുവരികയാണെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. ഫൊറന്സിക് സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി.