മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കയ്യില് 50000 രൂപ, രണ്ടര ലക്ഷത്തിനടുത്ത് വില വരുന്ന സ്വര്ണം

സ്ഥാവര–ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപ

dot image

തിരുവനന്തപുരം: കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് എംഎൽഎയുടെ പക്കലുള്ളത് 14.98 കോടിയുടെ സ്വത്ത്. ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാവര–ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ആദ്യ ദിനമായ ഇന്നാണ് മുകേഷ് പത്രിക സമർപ്പിച്ചത്.

2021ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 10.22 കോടിയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് രേഖപ്പെടുത്തിയത്. നിലവിൽ മുകേഷിന്റെ കൈവശമുള്ളത് 50,000 രൂപയാണ്. വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. താമസിക്കുന്ന വീട് ഉൾപ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ രണ്ട് ഫ്ലാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4,49,50,000 രൂപയാണ്. 2,40,000 രൂപ മൂല്യം വരുന്ന സ്വർണം കൈവശമുണ്ട്. ചെന്നൈ ടി–നഗറിലെ ഫ്ലാറ്റ് മുകേഷിന്റെയും ആദ്യ ഭാര്യ സരിതയുടെയും പേരിലാണ്. മുകേഷിന്റെയും മുന് ഭാര്യ മേതിൽ ദേവികയുടെയും പേരിൽ 13 സെന്റ് വസ്തു തിരുവനന്തപുരം കടകംപള്ളി വില്ലേജിലുണ്ട്.

എറണാകുളം കണയന്നൂരിലെ 37 സെന്റ് വസ്തു നടന് ശ്രീനിവാസനൊപ്പം ചേർന്നാണു വാങ്ങിയത്. ബിഎംഡബ്ല്യു, മഹീന്ദ്ര എക്സ്യുവി എന്നീ രണ്ടു കാറുകളും മുകേഷിന് സ്വന്തമായുണ്ട്. തമിഴ്നാട്ടിലെ മഹാബലിപുരം,തോന്നയ്ക്കൽ, ശക്തികുളങ്ങര, പോത്തൻകോട് എന്നിവിടങ്ങളിലായി ഭൂമിയുണ്ട്. ഇപ്പോൾ താമസിക്കുന്ന വീട് പൂർവിക സ്വത്തായി ലഭിച്ചതാണ്.

dot image
To advertise here,contact us
dot image