
/topnews/kerala/2024/03/26/wayanad-loksabha-constituency-annie-raja-against-rahul-gandhi
മലപ്പുറം: വയനാട്ടിലെ ജനങ്ങള് പ്രതിസന്ധി നേരിട്ടപ്പോള് അവരോടൊപ്പം സ്ഥലം എം പി ഉണ്ടായിരുന്നില്ലെന്ന് എല്ഡിഎഫ് സ്ഥാനാര്ത്ഥി ആനി രാജ. രാഹുല് ഗാന്ധി മണ്ഡലത്തില് ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണ്. പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേട്ട് കഴിഞ്ഞ തവണ ഇടതുപക്ഷത്ത് ഉള്ളവര് പോലും രാഹുലിന് വോട്ട് ചെയ്തിരുന്നു. ഇത്തവണ ജനങ്ങള് കൃത്യമായി വിധിയെഴുതുമെന്നും ആനി രാജ റിപ്പോര്ട്ടറിനോട് പറഞ്ഞു.
'ഇവിടെ നിങ്ങളുണ്ടാകുമോ എന്നാണ് വോട്ടര്മാര് ചോദിക്കുന്നത്. അതായത് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള് വോട്ടര്മാര്ക്ക് ഒരു പ്രതിസന്ധി വരുമ്പോള് അവരൊടൊപ്പം ഉണ്ടായിരുന്നില്ലായെന്നതാണ്. അനൗദ്യോഗികമായി ഞാന് മണ്ഡലത്തിലൂടെ പലതവണ യാത്ര നടത്തിയിരുന്നു. അപ്പോഴെല്ലാം നേരിട്ട ചോദ്യമാണിത്. ഞാന് മണ്ഡലത്തില് തന്നെയുണ്ടാവുമെന്നാണ് എനിക്ക് നല്കാന് കഴിയുന്ന ഉറപ്പ്.
പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ രാഹുല് ഗാന്ധി വോട്ട് തേടിയത്. അതില് ഇടതുപക്ഷത്തുള്ളവര്പ്പോലും രാഹുലിന് വോട്ട് ചെയ്തതായി അവര് പറഞ്ഞു', റിപ്പോര്ട്ടര് ടി വിയോടായിരുന്നു ആനി രാജയുടെ പ്രതികരണം.
കങ്കണയും സുരേന്ദ്രനും; ഫെെനല് ട്വിസ്റ്റില് കാര്യമുണ്ടോ?'തിരഞ്ഞെടുപ്പ് അല്ല, വന്യമൃഗങ്ങളാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം എന്നാണ് വയനാട്ടിലെ വോട്ടര്മാര് പറയുന്നത്. ആ വിഷയം എനിക്ക് അന്യമല്ല. ഞാന് കണ്ണൂര് ജില്ലയിലെ ആറളം പഞ്ചായത്തില് നിന്നും വരുന്നതാണ്. അവിടെയും സമാന പ്രശ്നം നേരിടുന്നുണ്ട്. ഇതിലെല്ലാം ജനങ്ങള് ആശങ്കാകുലരും രോക്ഷാകുലരുമാണ്. സംസ്ഥാന സര്ക്കാര് അതിന് വേണ്ടി കുറച്ചുകൂടി ക്രിയാത്മകമായ ഇടപെടല് നടത്തി. എന്നാല് ഇതിന് ശാശ്വതമായ പരിഹാരം വേണം. നിലവിലെ നിയമത്തില് തിരുത്തലുകള് വേണം. വിജയിച്ചുകഴിഞ്ഞാല് അതിനുവേണ്ടി മുന്നില് നിന്നുകൊണ്ട് എല്ലാ ശ്രമങ്ങളും നടത്തും.' ആനി രാജ പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില് രാജ്യത്തിന്റെ ആകാശം ഉള്പ്പെടെ കോര്പ്പറേറ്റുകള്ക്ക് തീറെഴുതി കൊടുത്ത പാര്ട്ടിയാണ് ബിജെപിയെന്നും ആനി രാജ കുറ്റപ്പെടുത്തി.