
/topnews/kerala/2024/03/26/pk-krishnadas-against-pinarayi-vijayan
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ മുഹമ്മദലി ജിന്നയുമായി താരതമ്യം ചെയ്ത് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. മുഖ്യമന്ത്രിയുടേത് വിഭജന രാഷ്ട്രീയമാണ്. അഭിനവ മുഹമ്മദലി ജിന്നയായി മുഖ്യമന്ത്രി അധഃപതിച്ചു. ഇന്ത്യയെ വിഭജിക്കാന് ജിന്ന പണ്ട് പറഞ്ഞതാണ് മുഖ്യമന്ത്രി പറയുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറത്തെ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്ശനം.
മുസ്ലിം സമൂഹം രണ്ടാം തരം പൗരന്മാരാണ്, ഇന്ത്യയില് സുരക്ഷിതരല്ല. അവരെ പക്കിസ്താനിലേക്ക് ആട്ടി ഓടിക്കാനാണ് കേന്ദ്ര സര്ക്കാര് ശ്രമിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ഇത് തന്നെയാണ് ജിന്നയും ഇന്ത്യയെ വിഭജിക്കാനായി പണ്ട് പറഞ്ഞത്. മുഖ്യമന്ത്രി കസേരയിലിരിക്കാനുള്ള നിയമപരമായ അവകാശം പിണറായിക്ക് നഷ്ടപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പൗരത്വ നിയമം ഇന്ത്യയിലെ ഒരു പൗരനെയും ബാധിക്കുന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റ് രാജ്യങ്ങളില് നിന്ന് വന്നിട്ടുള്ള ഹിന്ദുവിനും ക്രിസ്ത്യാനിക്കും പൗരത്വം കൊടുക്കുന്നതില് സിപിഐഎമ്മിന് എന്താണ് കുഴക്കം. സിപിഐഎമ്മിന്റേത് മനുഷ്യത്വ രഹിതമായ സമീപനമാണ്. തിരഞ്ഞെടുപ്പ് രംഗത്ത് എല്ഡിഎഫിന് ഒന്നും പറയാനില്ല. അതാണ് വര്ഗീയത പടര്ത്താന് ശ്രമിക്കുന്നത്. മോദി സര്ക്കാര് നേട്ടങ്ങള് ഓരോന്നും ജനങ്ങള്ക്ക് മുമ്പില് അവതരിപ്പിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഐഎമ്മിന് അത് കഴിയുന്നില്ലെന്നും പി കെ കൃഷ്ണദാസ് വിമര്ശിച്ചു.