
മലപ്പുറം: കോണ്ഗ്രസിന്റെ സ്ഥാനാര്ഥി പട്ടിക കൂടി വന്നതോടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെ പോലെയായി യുഡിഎഫ് എന്ന് ലീഗ് സംസ്ഥാന അധ്യക്ഷന് സാദിഖലി ശിഹാബ് തങ്ങള്. തെക്കേ ഇന്ത്യന് സംസ്ഥാനങ്ങളാണ് ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുകയെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം മാറ്റ് കൂട്ടി 2024ല് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് എത്ര മണ്ഡലത്തിലാണ് മത്സരിക്കുന്നത് എന്നാണ് മാധ്യമങ്ങളുടെ സംശയം. ലീഗ് 20 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. എല്ലാവരും ലീഗിന്റെ സ്ഥാനാര്ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസിന്റേത് മികച്ച സ്ഥാനാര്ത്ഥി പട്ടികയാണെന്നും ഹൈക്കമാന്റിനെ അഭിനന്ദിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള് കൂട്ടിച്ചേര്ത്തു. ഇനിയും വൈകാതെ പ്രചാരണം തുടങ്ങാനാണ് യുഡിഎഫ് ക്യാമ്പ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോണ്ഗ്രസ് സ്ഥാനാര്ത്ഥി പട്ടിക പുറത്തുവിട്ടത്.
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്ത്ഥി കെ സി വേണുഗോപാല് നാളെ മണ്ഡലത്തില് എത്തും. രാവിലെ 8.30ന് അരൂരില് നിന്ന് റോഡ് ഷോയോടെ ആയിരിക്കും മണ്ഡലത്തില് പ്രവേശിക്കുക. കരുനാഗപള്ളി വരെയാണ് റോഡ് ഷോ. വയനാട്ടിലെ പ്രചാരണത്തിനായി രാഹുല് ഗാന്ധി എന്നെത്തുമെന്നാണ് മണ്ഡലത്തിലെ ആകാംക്ഷ. എല്ഡിഎഫ്, ബിജെപി ക്യാമ്പുകള് നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു.