
മലപ്പുറം: മൂന്നാം സീറ്റ് സംബന്ധിച്ച് പാർട്ടി എടുത്ത തീരുമാനം യുഡിഎഫിനെ അറിയിച്ചെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പിഎംഎ സലാം. നാളെ നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല. നാളെ തീരുമാനമാകണം. ശുഭ പ്രതീക്ഷയല്ലേ വേണ്ടത്. മൂന്നാം സീറ്റ് വേണമല്ലോ. സീറ്റ് കിട്ടാത്ത പ്രശ്നമില്ല. കോൺഗ്രസുമായി സൗഹാർദമാണുള്ളത്. മൂന്നാം സീറ്റ് ലഭിക്കു'മെന്നും അദ്ദേഹം പറഞ്ഞു.
അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്ന പി രാജീവിൻ്റെ പരാമർശത്തിലും പിഎംഎ സലാം മറുപടി പറഞ്ഞു. രാജീവ് യുഡിഎഫിലെ കക്ഷിയാണോയെന്നും അപമാനമുണ്ടെങ്കിൽ അത് തങ്ങളല്ലേ സഹിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. 27-ന് ലീഗ് പാർട്ടി യോഗം ചേരും അതിനു ശേഷം തീരുമാനിക്കും. മൂന്നാം സീറ്റ് അംഗീകരിക്കാത്ത ഒരു പ്രശ്നം ഉണ്ടാകും എന്ന് കരുതുന്നില്ല.
20 സീറ്റിൽ ഏത് സീറ്റിലും ലീഗിന് മത്സരിക്കാം. വിഷയം സംബന്ധിച്ച് ഇടത് നേതാക്കൾ നൽകുന്ന പരാമർശങ്ങളിൽ ഇപ്പോൾ ഒന്നും പറയാനില്ല. പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തീരുമാനം ലീഗിന് സഹായകരമാണെന്നും സലാം വ്യക്തമാക്കി. ലോക്സഭ സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ ചർച്ച. രാജ്യസഭ സീറ്റിൽ ചർച്ചയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.