/topnews/kerala/2024/02/22/dna-test-for-the-two-year-old-girl-who-went-missing-from-pettah-the-other-day

പേട്ടയിലെ നാടോടി കുടുംബം കുട്ടിയെ തട്ടിക്കൊണ്ടുവന്നതോ, മദ്യം നൽകിയോ? ഡിഎന്എ പരിശോധനയ്ക്ക് പൊലീസ്

കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണോ ഒപ്പമുള്ളതെന്നറിയാനാണ് പരിശോധന. കുട്ടിയെ സംബന്ധിക്കുന്ന ഒരു രേഖകളും ഹാജരാക്കാൻ നാടോടി കുടുംബത്തിന് കഴിഞ്ഞിട്ടില്ല.

dot image

തിരുവനന്തപുരം: പേട്ടയിൽ നിന്ന് കഴിഞ്ഞദിവസം കാണാതാവുകയും അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്ത രണ്ടുവയസ്സുകാരിക്ക് ഡി എൻ എ പരിശോധന നടത്താൻ തീരുമാനം. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണോ ഒപ്പമുള്ളതെന്നറിയാനാണ് പരിശോധന. കുട്ടിയെ സംബന്ധിക്കുന്ന ഒരു രേഖകളും ഹാജരാക്കാൻ നാടോടി കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്.

കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചു. കുട്ടിയുടെ രക്തത്തിൽ മദ്യത്തിൻ്റെ അംശം ഉണ്ടോ എന്നും പരിശോധിക്കും. ഒമ്പത് ദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധനാ ഫലം വരുമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയ്ക്ക് മദ്യം നൽകിയോ എന്നതാണ് പരിശോധിക്കുന്ന മറ്റൊരു കാര്യം. കുട്ടി എങ്ങനെയാണ് ബന്ധുക്കളിൽ നിന്നകന്ന് അത്രയും ദൂരെ ഒറ്റയ്ക്ക് എത്തിയതെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.

ബ്രഹ്മോസിന് പിറകിലുള്ള കാടുമൂടിയ ഓടയിലേക്ക് കുട്ടി എങ്ങനെയെത്തിയെന്നതിന്റെ ഉത്തരമാണ് പൊലീസ് ഇപ്പോൾ തേടുന്നത്. നാൽപ്പതോളം വീടുകളിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളുടെ സൈബർ പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനിടെ കൂടെ കുട്ടിയെ വിട്ടു നൽകണമെന്ന ആവശ്യവുമായി കുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തി. തത്കാലം കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയട്ടെ എന്നാണ് പൊലീസ് നിലപാട്.

തിങ്കളാഴ്ച പുലര്ച്ചെ കാണാതായ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ 19 മണിക്കൂര് നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഓള് സെയിന്റ്സ് കോളേജിന് സമീപം കാണാതായ കുഞ്ഞിനെ 300 മീറ്റര് അകലെ റേറ്റില്വെ പാളത്തിനടുത്ത് ഒരു ഓടയില് കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ ഡ്രോണ് പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. 1.5 മീറ്റര് ആഴമുള്ള ഓടയിലാണ് കുട്ടി ഉണ്ടായിരുന്നത്. ഡ്രോണില് പതിഞ്ഞ ദൃശ്യത്തില് സംശയം തോന്നിയതിനെ തുടര്ന്ന് മണ്ണന്തല പൊലീസ് നേരിട്ട് എത്തി പരിശോധന നടത്തുകയായിരുന്നു. ഓടയില് വെള്ളം ഉണ്ടായിരുന്നില്ല. ഓടക്ക് സമീപം വലിയ ഉയരത്തില് കാട് വളര്ന്നിട്ടുണ്ട്. അതുകൊണ്ട് കുട്ടി തനിച്ച് അവിടെ വരെ നടന്ന് പോവില്ലെന്നാണ് പൊലീസിന്റെ അനുമാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us