
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ സംസ്ഥാന ബജറ്റ് ഇന്ന്. അധിക വരുമാനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനാൽ കഴിഞ്ഞ ബജറ്റിലേതിന് സമാനമായി കടുത്ത നികുതിഭാരം അടിച്ചേൽപ്പിക്കാൻ സാധ്യത കുറവാണ്. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പെൻഷൻ 2500 രൂപയായി ഉയർത്തുമെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപനം. എന്നാൽ പ്രതിസന്ധികാലത്ത് പെൻഷൻ തുക വർദ്ധന പ്രതീക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഡിഎ കുടിശ്ശികയുടെ കാര്യത്തിൽ സർക്കാർ ഉദ്യോഗസ്ഥരും പ്രതീക്ഷ കൈവിടുന്നില്ല.