
/topnews/kerala/2024/02/01/binoy-vishwam-criticizes-interim-budget
പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെ ഇടക്കാല ബജറ്റിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. കേന്ദ്ര ബജറ്റ് ബിജെപി സർകാരിൻ്റെ വർഗ സ്വഭാവം വ്യക്തമാക്കുന്നതാണ്. കോർപറേറ്റ് കൊള്ളയ്ക്ക് സഹായം നൽകുന്നതാണ് ബഡ്ജറ്റ്. അതിനുവേണ്ടിയാണ് കോർപറേറ്റ് ടാക്സ് കുറച്ചത്. നാടിൻ്റെ വികസനത്തിനായി വെൽത്ത് ടാക്സ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാൽ അത് കണ്ട ഭാവം പോലും കേന്ദ്രം നടിച്ചില്ലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാധാരണക്കാർക്ക് നികുതി കുറച്ച് നൽകണമെന്നാവശ്യപ്പെട്ടത് പരിഗണിക്കാതെ സാധാരണക്കാരുടെ വിഷയങ്ങൾക്ക് മേൽ മോദി ഗവൺമെൻ്റ് കണ്ണും, കാതും, വായും പൊത്തിപ്പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ഫിഷറിസ് മന്ത്രാലയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ കേട്ടതായി നടിച്ചില്ല. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി നീക്കിയിരുപ്പ് കുറയുന്നു, കഴിഞ്ഞ വർഷത്തെ നീക്കിയിരുപ്പ് പോലും വിവിധ മേഖലയിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ നിരവധി പോരായ്മകൾ നിലനിൽക്കുന്നതായും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
വന്ദേ ഭാരതിന്റെതല്ല റെയിൽവേ റെയിൽവേയുടേതാണ് വന്ദേ ഭാരത് എന്ന ബോധ്യം വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 40,000 ബോഗികൾ വന്ദേ ഭാരത് നിലവാരത്തിൽ ഉയർത്തുമ്പോൾ യാത്രക്കാർക്ക് പഴയ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കില്ലായെന്നും. വന്ദേ ഭാരതിന് വേണ്ടി മറ്റെല്ലാ വണ്ടികളുടെയും സമയത്തിൽ വ്യത്യാസമുണ്ടാകുന്നുവെന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു.
വികസന കാര്യങ്ങളിൽ കേരളം അവഗണിക്കപ്പെട്ടുവെന്നും. രാഷ്ട്രീയ അന്ധത കൊണ്ടാണിതെന്നും അദ്ദേഹം വിമർശിച്ചു. ഇടതുസർക്കാർ ഭരിക്കുന്നതിനാലാണ് കേന്ദ്രം കേരളത്തെ ശിക്ഷിക്കുന്നുത്. ഇടതുപക്ഷം ഭരിക്കുന്നിടത്തെല്ലാം ഇഡിയും മറ്റ് ഏജൻസികളും അക്റ്റീവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുംകൊള്ള നടക്കുന്ന മറ്റിടങ്ങൾ അവരുടെ കണ്ണിൽപ്പെടുന്നില്ലായെന്ന് അദ്ദഹം വിമർശിച്ചു. ബിജെപിക്ക് ഉൾഭയമുണ്ട് അതുകൊണ്ടാണ് വിജയിക്കുമെന്ന് ബഡ്ജറ്റിനിടെ ധനമന്ത്രി ആവർത്തിച്ച് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ നാലിടത്ത് തന്നെ മത്സരിക്കും. കൂടുതൽ സീറ്റ് ആവശ്യപ്പെടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികളെ മാനിക്കുന്ന പാർട്ടിയാണ്. അതിനാൽ തന്നെ പി ബാലചന്ദ്രൻ്റെ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പാർട്ടി കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. വിവാദ പോസ്റ്റിട്ടവരെ പരസ്യമായി തന്നെ പാർട്ടി ശാസിച്ചിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.