
/topnews/kerala/2024/01/25/fema-violation-in-masala-bond-hc-asks-kifbi-to-respond-to-summons
കൊച്ചി: മസാല ബോണ്ടിലെ ഫെമ നിയമ ലംഘനം സംബന്ധിച്ച സമന്സില് കിഫ്ബി പ്രതികരിക്കണമെന്ന് ഹൈക്കോടതി. ഇ ഡി ആവശ്യപ്പെടുന്ന രേഖകള് നല്കുകയോ നല്കാതിരിക്കുകയോ ചെയ്യാമെന്നും സിംഗിള് ബെഞ്ച്. കിഫ്ബി സഹകരിച്ചാല് കേസ് അന്വേഷണം വേഗം തീര്ക്കാന് തയ്യാറാണെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇ ഡി പുറത്തുവിട്ടത് രഹസ്യ രേഖയല്ലെന്നായിരുന്നു ഡോ. ടി എം തോമസ് ഐസകിന്റെ പ്രതികരണം.
കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിലെ ഫെമ നിയമലംഘനമാണ് ഇ ഡി പരിശോധിക്കുന്നത്. ഇതിനായി ഇ ഡി നല്കിയ ഏഴാമത്തെ സമന്സ് ചോദ്യം ചെയ്ത് കിഫ്ബി നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ പരാമര്ശം. ഇ ഡി നല്കുന്ന സമന്സിനോട് പ്രതികരിക്കണമെന്ന് ഹൈക്കോടതി നിര്ദ്ദേശിച്ചു. ഇ ഡി ആവശ്യപ്പെടുന്ന രേഖകള് കിഫ്ബിക്ക് നല്കുകയോ നല്കാതിരിക്കുകയോ ചെയ്യാമെന്നും സിംഗിള് ബെഞ്ച് വ്യക്തമാക്കി. ആറ് സമന്സുകള്ക്ക് മറുപടി നല്കിയെന്നും സമന്സ് ആവര്ത്തിക്കുകയാണ് ഇ ഡി ചെയ്യുന്നതെന്നുമായിരുന്നു കിഫ്ബിയുടെ മറുപടി. ഇ ഡി ആവശ്യപ്പെട്ട രേഖകള് എല്ലാം നല്കി. കിഫ്ബി ഉദ്യോഗസ്ഥര് ചോദ്യം ചെയ്യലിന് വിധേയരായി എന്നും കിഫ്ബി അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു.
കിഫ്ബി മസാല ബോണ്ട്; ഭീഷണികളെ ഭയക്കുന്നില്ല, പുതിയ ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ട്എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് പിന്നില് രാഷ്ട്രീയ ലക്ഷ്യമാണെന്നും കിഫ്ബി ആവര്ത്തിച്ചു. ആവശ്യമെങ്കില് ഡിജിറ്റല് ആയി രേഖകള് നല്കാന് തയ്യാറാണെന്നും കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു. കിഫ്ബി സഹകരിച്ചാല് കേസ് അന്വേഷണം വേഗം തീര്ക്കാന് തയ്യാറാണെന്നായിരുന്നു ഹൈക്കോടതിയില് ഇഡിയുടെ മറുപടി. സുപ്രിംകോടതിയിലെ മുതിര്ന്ന അഭിഭാഷകന് അരവിന്ദ് പി ദത്താര് ആണ് കിഫ്ബിക്ക് വേണ്ടി ഹാജരാകുന്നത്. അരവിന്ദ് പി ദത്താറിന്റെ സൗകര്യം കണക്കിലെടുത്ത് ഹര്ജി ഫെബ്രുവരി ഒന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇഡി പുറത്തുവിട്ടത് രഹസ്യ രേഖയല്ലെന്നായിരുന്നു മുന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസകിന്റെ പ്രതികരണം. കിഫ്ബിക്ക് രജിസ്ട്രേഷന് നമ്പറുണ്ട്. നിയമവിരുദ്ധതയുണ്ടെങ്കില് ഇ ഡി പറയട്ടെയെന്നും തോമസ് ഐസക് പറഞ്ഞു.