
/topnews/kerala/2024/01/24/fraud-worth-crores-by-offering-nurse-job-in-uk-2
കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയും യാത്രാവിലക്കുണ്ടാക്കുകയും ചെയ്ത സ്പേയ്സ് ഇൻ്റർനാഷണൽ എന്ന റിക്രൂട്ടിംഗ് ഏജൻസി നടത്തിയത് പുതിയ മോഡൽ തട്ടിപ്പ്. തട്ടിപ്പിന്റെ ഉത്തരവാദിത്തം ഒരൊറ്റ ജീവനക്കാരൻ്റെ തലയിൽ കെട്ടിവെക്കാനാണ് സ്ഥാപനത്തിൻ്റെ നീക്കം. പരസ്യം കൊടുത്തതുമുതൽ പണം കൈമാറുന്നത് വരെ എല്ലാം സ്പെയ്സ് ഇൻ്റർനാഷണൽ വഴിയാണ് ചെയ്തതെങ്കിലും തട്ടിപ്പിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും മാനേജർ നടത്തിയ തട്ടിപ്പാണെന്നുമുള്ള വിചിത്ര വാദമാണ് കമ്പനി എംഡി ശ്രീപ്രസാദിൻ്റേത്. റിപ്പോർട്ടർ വാത്താ പരമ്പര തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
സ്പെയ്സ് ഇന്റർനാഷണലിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തൊഴിൽ അവസരങ്ങളെകുറിച്ചുള്ള പരസ്യം നൽകിയത്. പരസ്യത്തിൽക്കൊടുത്ത നമ്പറിൽ വിളിച്ച് കൊച്ചി കടവന്ത്ര ഓഫീസിലെ ബ്ലസ്സി വർഗീസ് എന്ന ജീവനക്കാരിയെ കാണുന്നു. പിന്നാലെ സന്ദീപ് എന്ന മാനേജറുമായി സംസാരിക്കുന്നു. ബ്ലസ്സിയും സന്ദീപും ലൈസൻസ് ഉടമയായ രജനിയും ഭർത്താവും എംഡിയുമായ ശ്രീപ്രസാദും ഒന്നിച്ച് ഓഫീസിലുണ്ടാവില്ല. ദമ്പതികളായ ശ്രീപ്രസാദും രജനിയും ഓഫീസിലുള്ള ദിവസം എത്തിയപ്പോൾ യുകെ കാര്യങ്ങൾ നോക്കുന്നത് സന്ദീപാണെന്നായിരുന്നു മറുപടി. ഉദ്യോഗാർത്ഥികളോട് പണം ഇടാൻ പറഞ്ഞതും സന്ദീപിൻ്റെ അക്കൗണ്ടിലേക്ക്. എല്ലാം ശ്രീപ്രസാദും രജനിയും സന്ദീപും ബ്ലസ്സിയും ചേർന്നുള്ള തട്ടിപ്പാണെന്ന് വ്യക്തം.
യുകെയിൽ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഇരയായവർക്ക് യുകെയുടെ യാത്രാ വിലക്ക്പൊലീസിൽ പരാതി ആയതോടെ കൊച്ചി എസിപി വിളിച്ചതനുസരിച്ച് എം ഡി ശ്രീപ്രസാദും മാനേജർ സന്ദീപും സ്റ്റേഷനിലെത്തി. ഉദ്യോഗാർത്ഥികളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊള്ളാമെന്നും പണം തിരിച്ചുകൊടുക്കാമെന്നും സ്പെയ്സ് ഇൻ്റർനാൽണൽ എംഡിയായ ശ്രീപ്രസാദ് എസിപിയുടെ സാന്നിധ്യത്തിൽ എഴുതി കൊടുക്കുകയും ചെയ്തു.
എന്നാല് കബളിപ്പിക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ മാനേജർ സന്ദീപിനെ പുറത്താക്കിയെന്നാണ് ശ്രീപ്രസാദ് പറയുന്നത്. മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പ്രാഥമിക കണക്ക്. തട്ടിപ്പിന്റെ ഉത്തരവാദിത്തം ജീവനക്കാരൻ്റെ തലയിൽ വെച്ചുകെട്ടി രക്ഷപെടാനാണ് ഇപ്പോള് കമ്പനിയുടെ നീക്കം.