
/topnews/kerala/2024/01/19/kiifb-masala-bond-case-ed-summons-thomas-isaac-again
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുന് ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. അതേസമയം ഇ ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് തോമസ് ഐസക്ക് പ്രതികരിച്ചു.
മസാല ബോണ്ട് കേസിൽ മൂന്നാം തവണയാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് അയയ്ക്കുന്നത്. മുൻപ് നോട്ടീസ് അയച്ചപ്പോൾ സാവകാശം തേടിയിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനുണ്ടെന്ന കാരണം കാണിച്ച് കഴിഞ്ഞ തവണയും ഹാജരായില്ല. ചട്ടം ലംഘിച്ച് പണം വകമാറ്റി ചെലവഴിച്ചതായി ലഭ്യമായ തെളിവുകളിൽ നിന്നു വ്യക്തമാണെന്നാണ് ഇ ഡിയുടെ നിലപാട്. അതേസമയം ഇ ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നും മുമ്പ് പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും തോമസ് ഐസക് പറഞ്ഞു.
കേരളത്തിലെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്കാണു കിഫ്ബിയിൽ നിന്നുള്ള പണം വിനിയോഗിച്ചതെന്നും വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് കിഫ്ബിയുടെ വാദം. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനം അന്വേഷിക്കാനെന്ന പേരിൽ ഒന്നരവർഷമായി ഇഡി കിഫ്ബി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയാണെന്ന് കാണിച്ച് കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഇഡി. ഈ സാഹചര്യത്തിലാണ് 22ന് വീണ്ടും ഹാജരാകാൻ നോട്ടീസ് അയച്ചത്.