
/topnews/kerala/2024/01/16/bjp-police-conflict-after-the-poster-stick-against-modi-in-law-college-gate
കൊച്ചി: എറണാകുളം ലോ കോളേജിൽ പ്രധാനമന്ത്രിക്കെതിരെ ബാനറിനെ പിന്നാലെ പോസ്റ്റർ പതിച്ച് കെ എസ് യു . ഗോ ബാക്ക് മോദി എന്നെഴുതിയ പോസ്റ്ററാണ് സ്ഥാപിച്ചത്. പൊലീസ് എത്തി പോസ്റ്റർ നീക്കം ചെയ്തു. എതിർക്കാൻ ശ്രമിച്ച രണ്ട് കെ എസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റർ പ്രകോപനമെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ ലോ കോളേജിന് മുന്നിൽ എത്തി. പോസ്റ്ററിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ലോ കോളേജിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിയുയർന്നു. പ്രധാനമന്ത്രിയെ കാണാൻ നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്.
നേരത്തേ ലോ കോളേജ് കവാടത്തില് കെഎസ്യു പ്രധാനമന്ത്രിക്കെതിരെ ബാനര് ഉയര്ത്തിയിരുന്നു. എ ബിഗ് നോ ടു മോദി, നോ കോംപ്രമൈസ് എന്നെഴുതിയ ബാനറുകളായിരുന്നു രാവിലെ ഉയർത്തിയത്. പ്രധാനമന്ത്രി റോഡ് ഷോ നടക്കുന്ന ഭാഗത്തേക്കായായിരുന്നു ബാനർ ഉയർത്തിയത്. ഈ ബാനർ പൊലീസെത്തി അഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും പ്രതിഷേധമായി പോസ്റ്റർ പതിക്കുകയായിരുന്നു കെ എസ് യു പ്രവർത്തകർ.
ഇന്ന് വൈകിട്ട് 5 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 6 മണിക്ക് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂർക്ക് തിരിക്കും. പ്രശസ്ത സിനിമാ താരവും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും.
അവിടെ നിന്ന് തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാര്ഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. തുടർന്ന് മറൈൻ ഡ്രൈവിൽ ബി ജെ പി ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ അതിരാവിലെ 3 മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം. എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.