/topnews/kerala/2024/01/09/the-six-crore-road-collapsed-on-the-sixth-day-the-youth-congress-is-to-approach-the-court

ആറ് കോടിയുടെ റോഡ് ആറാം നാൾ പൊളിഞ്ഞ സംഭവം; കോടതിയെ സമീപിക്കാൻ യൂത്ത് കോൺഗ്രസ്

ഉപ്പു തിന്നവർ ആരാണെന്ന് കോടതി കണ്ടെത്തുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ

dot image

കോഴിക്കോട്: ആറ് കോടി രൂപയുടെ റോഡ് ആറാം നാൾ പൊളിഞ്ഞ വിഷയത്തിൽ കോടതിയെ സമീപിക്കാൻ യൂത്ത് കോൺഗ്രസ്. കോഴിക്കോട് കൂളിമാട് എരഞ്ഞിമാവ് റോഡാണ് നിർമ്മാണം പൂർത്തീകരിച്ച് ആറാം നാൾ പൊളിഞ്ഞത്. ഉപ്പു തിന്നവർ ആരാണെന്ന് കോടതി കണ്ടെത്തുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കരാറുകാരൻ മാത്രമല്ല ഉപ്പ് തിന്നതെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് നേരത്തെ പൊതുമരാമത്ത് മന്ത്രി പ്രതികരിച്ചിരുന്നു.

പിഡബ്ലുഡി വകുപ്പിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ യൂത്ത് കോൺഗ്രസ് സ്വന്തം നിലയിൽ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരിശോധനയ്ക്കായി റോഡിൻ്റെ സാംപിളുകൾ ശേഖരിച്ചു. റിപ്പോർട്ടർ ടിവിയാണ് വാർത്ത പുറത്തു കൊണ്ടുവന്നത്.

ആറ് കോടി രൂപ മുടക്കി നിർമ്മിച്ച റോഡ് ആറാം നാൾ പൊളിഞ്ഞതിൽ മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രണ്ട് വർഷം തകർന്ന് കിടന്ന റോഡാണ് ആധുനിക രീതിയിൽ നിർമ്മിച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴിയാവുകയായിരുന്നു. പൊളിഞ്ഞ ഭാഗം റീടാർ ചെയ്ത് പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നീക്കം നടക്കുന്നതിനിടയിലാണ് അഴിമതിക്കാരെ കണ്ടെത്താൻ മന്ത്രി നേരിട്ടിടപെട്ടത്. ഇത്തരം കാര്യങ്ങൾക്ക് കർക്കശ്ശ നിലപാടാണ് സ്വീകരിക്കുന്നതെന്നും പിഡബ്ല്യുഡി വിജിലൻസ് വിഭാഗത്തിനോട് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രയും പെട്ടന്ന് നടപടി ആരംഭിക്കുമെന്നും മുഹമ്മദ് റിയാസ് റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു.

കൈകൊണ്ട് പൊളിച്ച് മാറ്റാവുന്ന അവസ്ഥയിലാണ് റോഡിന്റെ നിലവിലുള്ള അവസ്ഥ. വലിയ ടോറസ് ലോറികൾ കരിങ്കല്ലുമായി ഈ വഴി പോകുന്നതാണ് റോഡ് പൊളിയാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. എന്നാൽ മുൻപ് പൊളിഞ്ഞുകിടന്നിരുന്ന ഭാഗത്തല്ല ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളുടെ ഏറെ നാളത്തെ സമരത്തിന് ശേഷമാണ് റോഡ് നിർമ്മിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us