
/topnews/kerala/2024/01/06/at-the-end-of-the-financial-year-kerala-will-have-to-tighten-its-stomach-due-to-a-5600-crore-cut-from-borrowings
തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് നഷ്ടമായത് 5600 കോടി രൂപ. ജനുവരി മുതൽ മാർച്ച് വരെ 7437.61 കോടി രൂപ വായ്പ എടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോൾ 1838 കോടി മാത്രമാണ് അനുവദിച്ചത്. ഇതോടെ സംസ്ഥാനത്തിന്റെ വർഷാന്ത്യ ചെലവുകൾ എല്ലാം അവതാളത്തിലായിരിക്കുകയാണ്.
2023-24 സാമ്പത്തിക വർഷം 45, 689. 61 കോടിയായിരുന്നു കേരളത്തിന് കടമെടുക്കാൻ അനുവാദം ഉണ്ടായിരുന്നത്. ഇതിൽ 32,442 കോടി പൊതു വിപണിയിൽ നിന്ന് കടമെടുക്കാൻ സാമ്പത്തിക വർഷം ആദ്യം കേന്ദ്രം സമ്മതിക്കുകയും ചെയ്തിരുന്നു. നബാർഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉൾപ്പടെ സ്രോതസുകളിൽ നിന്ന് 14,400 കോടി രൂപ കടം എടുക്കാനും അനുമതി കിട്ടി. ഡിസംബർ വരെ പൊതു വിപണിയിൽനിന്ന് 23,852 കോടി രൂപയുടെ കടമെടുക്കാനായിരുന്നു അനുമതി. ഇതനുസരിച്ച് അവസാന മൂന്ന് മാസം 7437.61 കോടി രൂപയുടെ കടമെടുപ്പ് അനുമതിയാണ് കേരളം തേടിയത്. ഇതിൽ 5600 കോടി രൂപ വെട്ടിക്കളഞ്ഞ കേന്ദ്രം 1838 കോടി രൂപ വായ്പ എടുക്കാനാണ് അനുവാദം നൽകിയത് പ്രതീക്ഷിത സാമ്പത്തിക സ്രോതസിൽ നിന്ന് 5600 കോടി കുറഞ്ഞതോടെ സംസ്ഥാനത്തിന്റെ അവസാന പാദ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാകും.
സെപ്തംബർ മുതലുള്ള ക്ഷേമ പെൻഷൻ കുടിശികയാണ്. വാർഷിക പദ്ധതി പൂർത്തിയാക്കണം. തദ്ദേശ സ്ഥാപന വിഹിതം അടക്കമുളള വർഷാന്ത്യ ചെലവുകളെല്ലാം വലിയ പ്രശ്നമാകാനാണ് സാധ്യത. തിരഞ്ഞെടുപ്പ് സമയത്ത് വായ്പാ പരിധി കുറച്ചത് ബോധപൂർവമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിമർശനം.