
Jul 29, 2025
02:07 AM
കൊച്ചി: ഫോർട്ട് കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങൾക്ക് ഇത്തവണ കടുത്ത നിയന്ത്രണങ്ങൾ. കാർണിവലിന് അനിയന്ത്രിതമായി ആളുകൾ എത്തുന്നത് നിയന്ത്രിക്കുമെന്ന് കൊച്ചി കോർപ്പറേഷനും പൊലീസും അറിയിച്ചു. കളമശ്ശേരി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പപ്പഞ്ഞിയെ കൊച്ചി പരേഡ് ഗ്രൗണ്ടിൽ മാത്രം കത്തിക്കണമെന്ന കടുത്ത നിലപാടിലാണ് അധികൃതർ. മാറ്റിടങ്ങളിൽ പപ്പഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്ന് ആർഡിഒ വ്യക്തമാക്കി. പൊലീസ് സംവിധാനം ഒരിടത്തു കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. പരേഡ് ഗ്രൗണ്ടിനു രണ്ട് കിലോമീറ്റർ അപ്പുറം 23 ഇടങ്ങളിലാണ് വാഹന പാർക്കിംഗ് അനുവദിക്കുക.
10 എസിപിമാരുടെയും 25 സിഐമാരുടെയും നേതൃത്വത്തിൽ 1000 പൊലീസുകാരെയാകും ഫോർട്ട് കൊച്ചിയിൽ വിന്യസിക്കുക. അടിയന്തര ഘട്ടത്തിൽ ആംബുലൻസ് കടന്നുപോകാൻ പ്രത്യേക വഴി സജ്ജമാക്കും. ഫോർട്ട് കൊച്ചിയിലേക്ക് വൈകിട്ട് ആറുമണിവരെ ബസ് സർവീസ് അനുവദിക്കും. 7 മണിവരെ ജങ്കാർ സർവീസ് ഉണ്ടാകും.
പുലർച്ചെ പുതുവത്സര ആഘോഷ പരിപാടികൾക്ക് ശേഷം ഫോർട്ട് കൊച്ചിയിൽ നിന്ന് കെഎസ്ആർടിസി പ്രൈവറ്റ് ബസുകൾ സർവീസ് നടത്തും. വിദേശികൾക്കായും സ്ത്രീകൾക്കായും പ്രത്യേക സ്ഥലം ഒരുക്കാനും സംഘടക സമിതി തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങളിൽ മദ്യപിച്ച് എത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസും അറിയിച്ചു. പ്രദേശവാസികൾക്കും ഹോം സ്റ്റേകളിൽ താമസിക്കുന്നവർക്കും തിരിച്ചറിയൽ കാർഡ് കാണിച്ച് ആഘോഷത്തിൽ പങ്കുചേരാനും അവസരമുണ്ട്.